കൊച്ചി: ദല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഡ്യവുമായി റാപ്പര്‍ വേടന്റെയും ഗബ്രിയുടെയും നേതൃത്വത്തില്‍ കൊച്ചി പനമ്പള്ളി നഗറില്‍ ‘പാട്ടും പ്രതിഷേധവും’ എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നിലവിലെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നുവെന്ന് വേടന്‍ പറഞ്ഞു.
ജാതിവര്‍ഗ്ഗ സാമ്പത്തിക അസമത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പരാജയപ്പെട്ട നയങ്ങള്‍ക്ക് ഒരു ജനാധിപത്യ രാജ്യത്തില്‍ സ്ഥാനമില്ലെന്നും വേടന്‍ അഭിപ്രായപ്പെട്ടു. ‘ഇത് ഞങ്ങളുടെ രാജ്യാവകാശമാണ്. വിദ്യാര്‍ത്ഥികളുടെ രാജ്യാവകാശം,’ അദ്ദേഹം പറഞ്ഞു.
‘നിലവിലുള്ള പ്രതിസന്ധിയുടെയും വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളോടുള്ള വഞ്ചനയുടെയും പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉടനടിയുള്ള രാജി ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഭരണഘടനാപരമായ അവകാശങ്ങളും തുല്യ അവസരങ്ങളും സംരക്ഷിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് നയിക്കാനുള്ള ധാര്‍മിക അധികാരമല്ല അത്,’ എന്നും വേടന്‍ പറഞ്ഞു.
ഇന്ന് (ജൂലൈ 22, ബുധന്‍) വൈകിട്ട് അഞ്ചിനായിരുന്നു ‘പാട്ടും പ്രതിഷേധവും’ എന്ന പരിപാടി നടന്നത്. ഈ പരിപാടിക്ക് ക്ഷണിച്ചുകൊണ്ടുള്ള ഒരു വീഡിയോ വേടന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നേരത്തെ പങ്കുവച്ചിരുന്നു. വിദ്യാര്‍ത്ഥി സമരത്തെ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധ രാജ്യ വിരുദ്ധ കേന്ദ്ര നടപടിയ്ക്ക് എതിരെ ഒത്തുകൂടുന്നു എന്ന് വീഡിയോയില്‍ വേടന്‍ പറഞ്ഞിരുന്നു.
‘വണക്കം. നമ്മുടെ രാജ്യ തലസ്ഥാനത്ത് നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ നീതി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധ, രാജ്യ വിരുദ്ധ കേന്ദ്ര നടപടിയ്ക്ക് എതിരെ പാട്ടും പറച്ചിലുമായി ഇന്ന് കൊച്ചി പനമ്പള്ളി നഗറില്‍ ഞങ്ങളെല്ലാവരും കൂടുന്നുണ്ട്. എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും സ്വാഗതം’, എന്നായിരുന്നു വേടന്‍ പറഞ്ഞത്.
പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുള്ള പൊലീസ് നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്ന് അടുത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹനുമാന്‍ കൈന്‍ഡ് പറഞ്ഞു. നമ്മള്‍ ഇതിലും ഭേദപ്പെട്ടത് അര്‍ഹിക്കുന്നു എന്ന് വിശ്വസിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹനുമാന്‍ കൈന്‍ഡ് കുറിച്ചു.
റാപ്പര്‍ തിരുക്കുറല്‍ അറിവ് ചെന്നൈയില്‍ സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു പ്രതിഷേധിച്ചത്.
നീറ്റ് പരീക്ഷ ഇല്ലാതാക്കണമെന്ന ആവശ്യം കൂടി ഉന്നയിച്ചായിരുന്നു അറിവിന്റെ പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് അറിവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പീന്നിട് വിട്ടയക്കുകയും ചെയ്തിരുന്നു.
Content Highlight: Vedan at solidarity Program in Kochi in support of the ongoing student protest in Delhi
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.