തിരുവനന്തപുരം: പുതിയ നിയമസഭയില്‍ ആദ്യ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെയാണ് അടിയന്തര പ്രമേയം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ ധനമന്ത്രി എന്‍ ബാലഗോപാലാണ് നോട്ടീസ് നല്‍കിയത്.
വളരെ അടിയന്തരമായ സാഹചര്യമുള്ളത് കൊണ്ടാണ് ഇപ്പോള്‍ തന്നെ അടിയന്തര പ്രമേയ നോട്ടീസ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അടിക്കടി വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ നികുതി ഇളവ് ഇപ്പോള്‍ നല്‍കാനാകില്ല. കുറച്ചു ദിവസം കൂടി കാത്തിരുന്നിട്ട് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.
എന്നെങ്കിലുമൊരു സമയത്ത് വിലക്കയറ്റം നിന്നിട്ട് സഭ ചര്‍ച്ച ചെയ്യാമെന്ന് പറയുന്നത് നടക്കാത്ത സംഗതിയാണെന്ന് കെ.എന്‍ ബാലഗോപാല്‍ മറുപടി നല്‍കി.
ഇതിനു പിന്നില്‍ ഗുരുതരമായ വിഷയമുണ്ടെന്നത് നാട്ടുകാര്‍ക്കൊക്കെ അറിയാവുന്നതാണ്. പാചകവാതക വില വര്‍ധന കാരണം ഹോട്ടലുകള്‍ പോലും പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയാണെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
ഇന്ധന വിലവര്‍ധന വിലക്കയറ്റത്തിന് കാരണമായെന്നും സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വാണിജ്യ ഇന്ധന വില കൂടിയത് പല ഹോട്ടലുകളും പ്രവര്‍ത്തിക്കാതിരിക്കുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റത്തിനെതിരെ നടപടിയെടുക്കണമെന്നും ഇത് ജനങ്ങളെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. നികുതിയിളവ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ വില കുറച്ച് നല്‍കണമെന്നും അതിനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാനത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാചക വാതകം കിട്ടാനില്ലെന്നും സബ്‌സിഡി കൊടുത്ത് ലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം നേരത്തെ വി.ഡി സതീശന്‍ വാഗ്ദാനം ചെയ്തതാണെന്നും വാക്ക് പറഞ്ഞാല്‍ മാത്രം പോരെന്നും അത് പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ടത്തരം ചെയ്യാനാണോ മുന്‍ ധനകാര്യ മന്ത്രി ഇപ്പോള്‍ ഉപദേശിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശന്റെ ചോദ്യം.
കഴിഞ്ഞ പത്ത് മാസത്തിനിടെ നാണ്യപെരുപ്പം കാരണം വില വര്‍ധനവുണ്ടായ ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മാര്‍ക്കറ്റില്‍ ഇടപെടുന്ന കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതാണ് അതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2893 കോടി രൂപ കടമുണ്ടെന്നും ഇത് കൊടുത്താല്‍ മാത്രമേ സിവില്‍ സപ്ലേസ് കോര്‍പ്പറേഷന് മാര്‍ക്കറ്റില്‍ ഇടപെട്ട് വിലകയറ്റം നിയന്ത്രിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലുകളില്‍ വിലക്കയറ്റമുണ്ടെന്നും സിലിണ്ടറുകള്‍ കരിഞ്ചന്തയിലാണെന്നും അദ്ദേഹം പറഞ്ഞു.
നാണ്യപെരുപ്പം കുറച്ച് വിലവര്‍ധനവ് കുറയ്ക്കലാണ് പുതിയ സര്‍ക്കാരിന്റെ ആദ്യത്തെ പ്രയോരിറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുന്നതായി സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത് നിര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. പ്രശ്നത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ മുഖ്യമന്ത്രി മുഖവുര പറഞ്ഞു നിര്‍ത്തുകയാണ് ചെയ്തത്. വിലക്കയറ്റം സാധാരണക്കാരെ രൂക്ഷമായി ബാധിച്ചിരിക്കുന്നു. വിലക്കയറ്റം സഭയില്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇന്ധന- പാചകവാതക വില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
കേന്ദ്രം വില കൂട്ടുമ്പോയെല്ലാം സംസ്ഥാന സര്‍ക്കാരിനെ ആയിരുന്നു പ്രിതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നതെന്നും അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. വാക്ക് പാലിക്കാന്‍ സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Content Highlight: VD Satheesan’s words alone are not enough, they must be followed through; Opposition issues first emergency resolution notice against price hike
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.