800 പേരെ പിരിച്ചുവിട്ടു; കുറേ ജോലികള്‍ ഇല്ലാതാവുമ്പോള്‍ പുതിയ ജോലികള്‍ വരികയാണെന്ന് മുഖ്യമന്ത്രി
Kerala
800 പേരെ പിരിച്ചുവിട്ടു; കുറേ ജോലികള്‍ ഇല്ലാതാവുമ്പോള്‍ പുതിയ ജോലികള്‍ വരികയാണെന്ന് മുഖ്യമന്ത്രി
റെന്വര്‍ പി
Tuesday, 14th July 2026, 5:52 pm

കൊച്ചി: സംസ്ഥാനത്ത് കോറോ ഹെല്‍ത്ത്, ടാല്‍റോപ് എന്നീ സ്ഥാപനങ്ങളില്‍ അടുത്തിടെ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടിരുന്നു. കോറോ ഹെല്‍ത്തിന്റെ കൊച്ചി യൂണിറ്റില്‍ 500 പേരെയും കോഴിക്കോട് യൂണിറ്റില്‍ 300 പേരെയുമാണ് ഒരു സുപ്രഭാതത്തില്‍ പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കൊച്ചി ആസ്ഥാനമായ ടാല്‍റോപ് എന്ന സ്ഥാപനത്തില്‍ 300 പേര്‍ക്കും ജോലി നഷ്ടപ്പെട്ടിരുന്നു.

ഇപ്പോള്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്റെ ഒരു പ്രസംഗത്തില്‍ 800 പേരെ പിരിച്ച് വിട്ടതിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ചര്‍ച്ചയാവുകയാണ്. ഈ പിരിച്ചുവിടലുകളെ കുറിച്ച് പറഞ്ഞതിന് തൊട്ടുപിന്നാലെ കുറേ ജോലികള്‍ ഇല്ലാതാവുമ്പോള്‍ പുതിയ ജോലികളുടെ ജാലകങ്ങള്‍ തുറക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഒരു കരിയര്‍ ഇവന്റില്‍ സംസാരിക്കവെയായിരുന്നു സതീശന്റെ പരാമര്‍ശം.

‘ഇപ്പോള്‍ കണ്ടില്ലേ 800 പേരെ പിരിച്ചുവിട്ടു ഒരു സ്ഥാപനത്തില്‍ നിന്ന്. ഒരു സുപ്രഭാതത്തില്‍ ചെന്നപ്പോള്‍ അവര്‍ക്ക് ജോലിയില്ല. കുറേ ജോലികള്‍ ഇല്ലാതാവുകയാണ്. പക്ഷേ കുറേ ജോലികള്‍ ഇല്ലാതാവുമ്പോള്‍ മറ്റൊരു സ്ഥലത്ത് പുതിയ ജോലികളുടെ ജാലകങ്ങള്‍ തുറക്കുകയാണ്. വാതിലുകള്‍ തുറക്കപ്പെടുകയാണ്,’ എന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്.

ലോകം മുഴുവന്‍ മാറിക്കൊണ്ടിരിക്കുകയാണ്. ജോലികളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. അതിവേഗം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോലികളുടെ ലോകത്തെ നമ്മള്‍ നിരീക്ഷിക്കണമെന്നും സതീശന്‍ പറഞ്ഞു.

ഈ മാസം മൂന്നിനായിരുന്നു മെഡിക്കല്‍ കോഡിങ് സ്ഥാപനമായ കോറോഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍.കോറോ ഹെല്‍ത്തിലെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ഈ മാസം 20ന് ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടക്കും. നിലവില്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നുണ്ട്. ചര്‍ച്ച നടക്കുന്ന ജൂലൈ 20 വരെ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.

ടെക്-ഇക്കോസിസ്റ്റം കമ്പനി ‘ടാല്‍റോപില്‍ ഈ ഞായറാഴ്ചയാണ് 300 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്. കമ്പനി അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജോലി നഷ്ടപ്പെട്ടത്. ടാല്‍റോപ് അടച്ചുപൂട്ടി അടുത്ത ബിസിനസ് സംരംഭങ്ങളിലേക്ക് കടക്കുകയാണെന്ന് കമ്പനി വെള്ളിയാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അടച്ചുപൂട്ടല്‍.

അടച്ചുപൂട്ടല്‍ തീരുമാനത്തിനെതിരെ ജീവനക്കാര്‍ തൃക്കാക്കരയിലുള്ള ടാല്‍റോപ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. 11 മാസത്തോളം തങ്ങള്‍ക്ക് കമ്പനിയില്‍ നിന്ന് സമ്പള കുടിശിക ലഭിക്കാനുണ്ടെന്നും തൊഴിലാളികള്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: VD Satheesan on Job Loss- New Job opportunities

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.