| Tuesday, 26th May 2026, 3:02 pm

പ്രധാനമന്ത്രിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായ ശേഷം സതീശന്റെ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

സേവാ തീര്‍ത്ഥില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായും സതീശന്‍ കൂടിക്കാഴ്ച നടത്തും. നാളെ ആഭ്യന്തരമന്ത്രി അമിത് ഷായെയും സതീശന്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 40 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. കൂടിക്കാഴ്ചയില്‍ കഥകളി രൂപം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

റെയില്‍വേ വികസനം, ദേശീയ പാതാ പദ്ധതികള്‍, എയിംസ്, തുറമുഖ വികസനം, മെട്രോ തുടങ്ങിയവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്ര സഹായം ആവശ്യമുണ്ട്. ഈ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് സൂചന.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാണ്. സസ്ഥാനത്ത് ധനവുകുപ്പിന്റെ ചുമതല സതീശനാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സതീശന്‍ – നിര്‍മല സീതാ രാമന്‍ ചര്‍ച്ചയില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ധനമന്ത്രിയുടെ ചുമതലയുള്ളതിനാല്‍ ഇനി വരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ടത് സതീശനാണ്.

സംസ്ഥാന ചീഫ് സെക്രട്ടറി എ ജയതിലക്, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്‍.എസ്.കെ ഉമേഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ദല്‍ഹിയിലെത്തിയിട്ടുണ്ട്.

Content highlight: VD Satheesan Meeting With Prime Minister Narendra Modi

We use cookies to give you the best possible experience. Learn more