പി.ആര്‍.ഡിയെ വെച്ച് നടത്തുന്നത് ഹീനമായ പ്രചാരണ തന്ത്രം; നിയമപരമായി നേരിടും, സര്‍ക്കാര്‍ പരസ്യത്തിനെതിരെ വി.ഡി സതീശന്‍
Kerala
പി.ആര്‍.ഡിയെ വെച്ച് നടത്തുന്നത് ഹീനമായ പ്രചാരണ തന്ത്രം; നിയമപരമായി നേരിടും, സര്‍ക്കാര്‍ പരസ്യത്തിനെതിരെ വി.ഡി സതീശന്‍
നിഷാന. വി.വി
Thursday, 5th March 2026, 3:04 pm

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ പരിഹസിക്കുന്ന സര്‍ക്കാരിന്റെ പത്ര പരസ്യത്തിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വീ.ഡി സതീശന്‍.

നാട്ടുകാരുടെ പണം കൊണ്ടാണ് ഇത് ചെയ്തതെന്നും ആരുടേയും വീട്ടില്‍ നിന്ന് കൊണ്ടുവന്നതല്ലെന്നും സതീശന്‍ പറഞ്ഞു.

പി.ആര്‍.ഡി.യെ വെച്ച് നടത്തിയത് ഹീനമായ പ്രചാരണ തന്ത്രമാണെന്നും ഈ ഒരു പ്രവൃത്തിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഭാവിയില്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.ആര്‍.ഡിയെ എത്രമാത്രം അധപതിപ്പിക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ പരസ്യമെന്നും ഈ ഗവണ്‍മെന്റ് ഇതിന്റെ പെയിന്‍മെന്റ് കൊടുക്കില്ല, ഇത് അടുത്ത ഗവണ്‍മെന്റിന്റെ തലയിലാവുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

നേരത്തെയുണ്ടായിരുന്ന ഒരു ഗവണ്‍മെന്റിന്റെ ആ കാലത്തെ മോശം കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ ചിലവില്‍ ജനങ്ങളുടെ നികുതി പണത്തിന്റെ പേരില്‍ നടക്കുന്നത് ഹീനമായ പ്രവര്‍ത്തിയാണ്. ഇതിനെതിരായി നിയമപരമായ നടപടിയും രാഷ്ട്രീയ പരമായ നടപടിയും സ്വീകരിക്കും,’അദ്ദേഹം പറഞ്ഞു.

ഒരു പരസ്യമാണെന്ന് പോലും തോന്നാത്ത രീതിയിലാണ് ആ പ്രചാരണം നടത്തിയിരിക്കുന്നതെന്നും അത് ചെയ്യാത്ത മാധ്യമങ്ങളെ പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘സി.പി.ഐ.എമ്മിന്റെ മുഖ പത്രമായ ദേശാഭിമാനിയുടെ ബോണ്ടാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്. ദേശാഭിമാനി പത്രത്തില്‍ തയ്യാറാക്കിയ സംഭവമാണ് അങ്ങനെ തന്നെ കൊടുത്തിരിക്കുന്നത്. പരസ്യത്തിന്റെ രൂപമില്ലാതെ യഥാര്‍ത്ഥ സംഭവമാണെന്ന് തോന്നുന്ന തരത്തിലാണ് പരസ്യം കൊടുത്തത്. ഇത് പരസ്യത്തിന്റെ ചട്ടങ്ങള്‍ക്ക് തന്നെ വിരുദ്ധമാണ്,’ അദ്ദേഹം പറഞ്ഞു.

ദി ഹിന്ദു, ദേശാഭിമാനി, സുപ്രഭാതം, മാധ്യമം, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മംഗളം, ജനയുഗം തുടങ്ങിയ പത്രങ്ങളിലാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. പി.ആര്‍.ഡിയാണ് ഈ പരസ്യങ്ങള്‍ കൈമാറിയത്.

പൂട്ടലിന്റെ വക്കില്‍ കെ.എസ്.ആര്‍.ടിസി, ഇന്ന് മുതല്‍ ലോഡ് ഷെഡിങ്, നാല്‍പത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെ ഒന്നാം പേജിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

യു.ഡി.എഫ് സര്‍ക്കാരിനെയും എല്‍.ഡി.എഫ് സര്‍ക്കാരിനെയും താരതമ്യം ചെയ്തുകൊണ്ടാണ് വാര്‍ത്തകള്‍.

ഒന്നാം പേജില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പോരായ്മകള്‍ എന്ന് ഇടതുമുന്നണി വാദിക്കുന്ന കാര്യങ്ങളാണ് നല്‍കിയിരിക്കുന്നതെങ്കില്‍ രണ്ടാം പേജില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്ന് കാണിച്ചുകൊണ്ടാണ് വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്.

വിദ്യാഭ്യാസ രംഗത്തെക്കുറിച്ചും ക്ഷേമ പെന്‍ഷന്‍, കെ.എസ്.ആര്‍.ടിസി, ദേശീയപാത സ്ഥലമെടുപ്പ്, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയവയാണ് പ്രധാനമായും താരതമ്യം ചെയ്തിരിക്കുന്നത്.

Content Highlight: VD Satheesan against government advertisement; will take legal action against PRD’s campaign strategy

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.