കൊച്ചി: തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാല്‍ സി.പി.ഐ.എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സി.പി.ഐ.എമ്മില്‍ നിന്ന് പുറത്തായ മുന്‍ സി.ഐ.ടി.യു നേതാവ് വി.ബി ചെറിയാന്‍. പാര്‍ട്ടിയുമായി സഹകരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ചെറിയാന്‍ ഇങ്ങനെ പ്രതികരിച്ചത്.[]
ദേശാഭിമാനിയില്‍ ലേഖനം പ്രത്യക്ഷപ്പെട്ടത് പാര്‍ട്ടിയുമായി അടുക്കുന്നതിന്റെ ലക്ഷണമാണോയെന്ന ചോദ്യത്തിന് ചെറിയാന്‍ ഇങ്ങനെ മറുപടി പറഞ്ഞു- ” പാര്‍ട്ടിയുമായി അടുക്കുകയല്ല, അകലുകയുമല്ല, എന്ത് വേണമെങ്കിലും വ്യാഖ്യാനിക്കാം. ലേഖനം പ്രസിദ്ധീകരിച്ചത് മനപൂര്‍വ്വമാകാം. യാദൃശ്ചികമായി ഒന്നും സംഭവിക്കില്ലല്ലോ. പക്ഷെ എല്ലാം സംഭവിക്കുന്ന യാദൃശ്ചികതയിലൂടെയാണ്. ജീവിതം തന്നെ അങ്ങനെയാണ്. ജീവിതത്തിലെ അനുഭവങ്ങളും അങ്ങനെയാണ്” ചെറിയാന്‍ പറഞ്ഞു.
17 വര്‍ഷമായി തന്റെ പ്രസ്താവനപോലും ദേശാഭിമാനി നല്‍കാറില്ല. താത്വികമായ അടിത്തറയില്ലാത്ത പാര്‍ട്ടി നേതൃത്വം പ്രത്യയശാസ്ത്രപരമായി പാപ്പരാണെന്നും ചെറിയാന്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ചെറിയാന്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനപ്രിയ മുദ്രാവാക്യമുയര്‍ത്തി സ്വന്തം നേട്ടത്തിനും സ്ഥാനത്തിനും വേണ്ടി പ്രയോജനപ്പെടുത്തുന്നവരെ മാധ്യമങ്ങളാണ് ഊതിവീര്‍പ്പിക്കുന്നത്. ചെറിയ മുള്ളുകൊണ്ടാല്‍ കാറ്റുപോകുന്ന കൊച്ചുബലൂണുകളാണിവയെന്നും ചെറിയാന്‍ പറഞ്ഞു.
തനിക്കെതിരെ നടപടിയുണ്ടായാല്‍ അംഗീകരിക്കില്ലെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയെക്കുറിച്ചാരാഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യത്തെക്കുറിച്ച് പരസ്യമായി പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സമരനായകനായ വി.എസിന് മുഖ്യമന്ത്രിയായപ്പോള്‍ മോഹഭംഗം വന്നെന്നും ചെറിയാന്‍ കുറ്റപ്പെടുത്തി.
വിവിധ ചാനലുകളില്‍ ഇന്നലെ നടന്ന ചര്‍ച്ചകളിലും വി.എസിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ചെറിയാന്‍ ഉന്നയിച്ചിരുന്നത്. വി.എസിന്റെ കൂടെ ഇപ്പോഴുള്ളത് ആള്‍ക്കൂട്ടമാണെന്നും ആള്‍ക്കൂട്ടം കൂടുന്നതുപോലെ തന്നെ പിരിഞ്ഞുപോകുമെന്നും ചെറിയാന്‍ പറഞ്ഞിരുന്നു.
നേരത്തെ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വി.ബി ചെറിയാന്റെ ലേഖനം വായിക്കാം