| Monday, 7th April 2025, 9:59 pm

ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത് 'മമ്മൂട്ടി മാമന്‍' എന്ന്; ആ വിളി തമാശക്കല്ല: വസിഷ്ഠ് ഉമേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളിയെന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വസിഷ്ഠ് ഉമേഷ്. ചിത്രത്തില്‍ ടൊവിനോ തോമസിന്റെ മരുമകനായ ജോസ്‌മോന്‍ എന്ന കഥാപാത്രമായാണ് വസിഷ്ഠ് എത്തിയത്.

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ അജു വര്‍ഗീസിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും വസിഷ്ഠ് തന്നെയായിരുന്നു. ശേഷം മാരിവില്ലിന്‍ ഗോപുരങ്ങള്‍, ചാള്‍സ് എന്റര്‍പ്രൈസസ് തുടങ്ങിയ സിനിമകളിലും വസിഷ്ഠ് അഭിനയിച്ചിട്ടുണ്ട്.

വിഷു റിലീസായി എത്തുന്ന മമ്മൂട്ടി ചിത്രമായ ബസൂക്കയിലും വസിഷ്ഠ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് വസിഷ്ഠ്.

താന്‍ അദ്ദേഹത്തെ മമ്മൂട്ടി മാമനെന്നാണ് വിളിക്കാറുള്ളത് എന്നാണ് വസിഷ്ഠ് പറയുന്നത്. അങ്ങനെ വിളിക്കുന്നത് തമാശക്കല്ലെന്നും താന്‍ പ്രായത്തില്‍ മൂത്തവരെയൊക്കെ അങ്ങനെയാണ് വിളിക്കുന്നതെന്നും വസിഷ്ഠ് പറഞ്ഞു.

‘ഞാന്‍ അദ്ദേഹത്തെ മമ്മൂട്ടി മാമന്‍ എന്നാണ് വിളിക്കാറുള്ളത്. സര്‍ക്കാസ്റ്റിക്കായിട്ട് വിളിച്ചതല്ല. സീരിയസായിട്ട് വിളിച്ചതാണ്. ഞാന്‍ സത്യത്തില്‍ എല്ലാവരെയും അങ്ങനെയാണ് വിളിക്കാറുള്ളത്. അതായത് പ്രായത്തില്‍ മൂത്തവരെയൊക്കെ അങ്ങനെയാണ് വിളിക്കുന്നത്,’ വസിഷ്ഠ് ഉമേഷ് പറയുന്നു.

ലവ് ആക്ഷന്‍ ഡ്രാമ മുതല്‍ വരാനിരിക്കുന്ന കോപ്പ് അങ്കിള്‍ എന്ന സിനിമയില്‍ വരെ വസിഷ്ഠ് മുടി നീട്ടിവളര്‍ത്തിയ ലുക്കിലാണ് ഉള്ളത്. ഇതുവരെ ഒരു സിനിമക്ക് വേണ്ടിയും മുടി മുറിക്കേണ്ടി വന്നിട്ടില്ലെന്നും വസിഷ്ഠ് അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ ആദ്യം ഒരു നാടകത്തില്‍ അഭിനയിച്ചിരുന്നു. അതിന് വേണ്ടി മുടി വളര്‍ത്തിയതാണ്. ലവ് ആക്ഷന്‍ ഡ്രാമയാണ് ഞാന്‍ ആദ്യം ചെയ്യുന്നത്. അതിലും മിന്നല്‍ മുരളിയിലും അതിന് ശേഷം ചെയ്ത സിനിമയിലുമെല്ലാം മുടി വളര്‍ത്തിയിരുന്നു.

ഇപ്പോള്‍ ബസൂക്ക കഴിഞ്ഞിട്ട് കോപ്പ് അങ്കിള്‍ എന്നൊരു സിനിമ കൂടെ ചെയ്തു. അതിലൊന്നും എന്റെ മുടി വെട്ടണമെന്ന് ആരും പറഞ്ഞിട്ടില്ല. സ്‌കൂളില്‍ സിനിമയുടെ കാര്യമായത് കൊണ്ട് മുടി വളര്‍ത്താന്‍ സമ്മതിച്ചു. അല്ലെങ്കില്‍ നല്ല ചീത്ത കേള്‍ക്കേണ്ടി വന്നേനേ,’ വസിഷ്ഠ് ഉമേഷ് പറയുന്നു.


Content Highlight: Vasisht Umesh Says He Called Mammootty As Mammootty Maaman

We use cookies to give you the best possible experience. Learn more