ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഒഡീഷ, കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ തുടരുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ്.
ആദ്യ മത്സരത്തില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയിരിക്കുന്നത്. പരിക്കിന് പിന്നാലെ ആദ്യ മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ വിരാട് കോഹ്‌ലി രണ്ടാം മത്സരത്തില്‍ ടീമിന്റെ ഭാഗമായി. യശസ്വി ജെയ്‌സ്വാളിന് പകരമാണ് വിരാട് ടീമില്‍ ഇടം നേടിയത്.
കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയും പ്ലെയിങ് ഇലവന്റെ ഭാഗമായി. താരത്തിന്റെ ഏകദിന അരങ്ങേറ്റത്തിന് കൂടിയാണ് ബരാബതി സ്റ്റേഡിയം വേദിയായത്. ഇതോടെ ഫാറൂഖ് എഞ്ചിനീയറിന് ശേഷം ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായമേറിയ ഇന്ത്യന്‍ താരമായും ചക്രവര്‍ത്തി മാറി.
Ravindra Jadeja 🤝 Varun Chakaravarthy
A memorable cap 🧢 moment not long before the duo combine to provide the opening wicket! 😎
33 വയസും 164 ദിവസവും പ്രായമുള്ളപ്പോഴാണ് താരം കരിയറിലെ ആദ്യ അന്താരാഷ്ട്ര ഏകദിനം കളിക്കുന്നത്.
ഈ മത്സരത്തില്‍ മറ്റൊരു ചരിത്ര നേട്ടവും ചക്രവര്‍ത്തി സ്വന്തമാക്കി. ഏകദിന അരങ്ങേറ്റത്തില്‍ വിക്കറ്റ് സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് തമിഴ്‌നാട് സ്പിന്നര്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തത്.
ഏകദിന അരങ്ങേറ്റത്തില്‍ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യന്‍ താരം
(താരം – പ്രായം എന്നീ ക്രമത്തില്‍)
വരുണ്‍ ചക്രവര്‍ത്തി – 33 വയസും 164 ദിവസവും
ദിലീപ് ദോഷി – 32 വയസും 350 ദിവസവും
കൃഷ്ണപ്പ ഗൗതം – 32 വയസും 276 ദിവസവും
അതേസമയം, മത്സരം 27 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 36 പന്തില്‍ 27 റണ്‍സുമായി ജോ റൂട്ടും 42 പന്തില്‍ 21 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ക്രീസില്‍.