| Monday, 29th September 2025, 11:23 am

ഏഷ്യാ കപ്പിന് പകരം ചായക്കപ്പ്; ആഘോഷിക്കാതെ പറ്റില്ലല്ലോ, മെസിയെ റീക്രിയേറ്റ് ചെയ്ത് ചക്രവര്‍ത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെ എ.സി.സി സെക്രട്ടറിയില്‍ നിന്നും കിരീടം സ്വീകരിക്കില്ല എന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവനും പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്നും തങ്ങള്‍ ട്രോഫി സ്വീകരിക്കില്ല എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.

ഇതിന് പിന്നാലെ നഖ്‌വി ട്രോഫിയുമായി പോവുകയും ട്രോഫിയില്ലാതെ ഇന്ത്യ ട്രോഫി സെലിബ്രേഷന്‍ നടത്തുകയുമായിരുന്നു.

ഒരു ടൂര്‍ണമെന്റ് വിജയിച്ച ശേഷം കിരീടത്തെ ചേര്‍ത്തുപിടിച്ച് കിടന്നുറങ്ങുന്ന ചിത്രം പങ്കുവെക്കുന്നത് കായിക ലോകത്തെ പുതിയ ട്രെന്‍ഡുകളിലൊന്നാണ്. 2022 ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിന് പിന്നാലെ മെസി പങ്കുവെച്ച ചിത്രം മുതല്‍ ക്രിക്കറ്റെന്നോ ഫുട്‌ബോളോ എന്നൊന്നുമില്ലാതെ ക്യാപ്റ്റന്‍മാരും താരങ്ങളും ഇത്തരം ചിത്രം പങ്കുവെക്കാറുണ്ട്.

അത്തരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വരുണ്‍ ചക്രവര്‍ത്തിയുടെ ‘കപ്പ്’ സെലിബ്രേഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏഷ്യാ കപ്പ് കിരീടം കയ്യിലില്ലാത്തിനാല്‍ ചായക്കപ്പിനൊപ്പമാണ് ചക്രവര്‍ത്തിയുടെ ചിത്രം. തന്റെ കപ്പിന്റെ ക്ലോസ് അപ്പ് ചിത്രവും ചക്രവര്‍ത്തി പങ്കുവെച്ചിട്ടുണ്ട്.

ഏഷ്യാ കപ്പ് വിജയത്തിലെ ഓരോ മികച്ച നിമിഷങ്ങള്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് വരുണ്‍ ചക്രവര്‍ത്തി കപ്പ് സെലിബ്രേഷന്റെ ചിത്രവും പങ്കുവെച്ചത്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇത്തരത്തില്‍ വ്യത്യസ്തമായ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഏഷ്യാ കപ്പിന് പകരം ട്രോഫി ഇമോജിയേന്തിയാണ് സൂര്യ തന്റെ ക്യാപ്റ്റന്‍സി കരിയറിലെ ആദ്യ ടൂര്‍ണമെന്റ് വിജയം ആഘോഷമാക്കിയത്.

അതേസമയം, മൊഹ്‌സിന്‍ നഖ്‌വി ട്രോഫി തിരികെ കൊണ്ടുപോയതില്‍ ബി.സി.സി.ഐ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. നവംബറില്‍ നടക്കുന്ന ഐ.സി.സി യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നാണ് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സെക്കിയ പറഞ്ഞത്.

‘പാകിസ്ഥാന്റെ പ്രധാന നേതാക്കളില്‍ ഒരാള്‍ കൂടിയായ എ.സി.സി ചെയര്‍മാനില്‍ നിന്നും ട്രോഫി സ്വീകരിക്കേണ്ടതില്ല എന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. അതിനര്‍ത്ഥം ആ ട്രോഫിയുമായി അദ്ദേഹത്തിന് പോയ്ക്കളയാം എന്നല്ല,’ ട്രോഫിയില്ലാതെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ട്രോഫി സെലിബ്രേഷന്‍ നടത്തിയതിന് പിന്നാലെ സെക്കിയ അഭിപ്രായപ്പെട്ടു.

‘ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. എത്രയും പെട്ടെന്ന് തന്നെ മെഡലുകളും ട്രോഫിയും ഞങ്ങള്‍ക്ക് തിരികെ തരുമെന്നാണ് വിശ്വസിക്കുന്നത്,’ സെക്കിയ കൂട്ടിച്ചേര്‍ത്തു.

Content highlight: Varun Chakravarthy’s celebration after winning Asia Cup goes viral

We use cookies to give you the best possible experience. Learn more