| Thursday, 11th April 2024, 3:46 pm

ഇതാണ് സിനിമയുടെ മാജിക്...

അമര്‍നാഥ് എം.

ചെന്നൈപാസം, ക്രിഞ്ച് സീനുകളുടെ അതിപ്രസരം…. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളാണ്. ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നതുപോലെ നോ പ്ലാന്‍സ് ടു ചേഞ്ച് എന്ന രീതിയില്‍ തന്റെ പുതിയ സിനിമയും പശ്ചാത്തലം ചെന്നൈയാക്കിയത് അതുകൊണ്ടൊക്കെ തന്നെയായിരിക്കും. പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്കു ശേഷത്തില്‍ എത്തുമ്പോള്‍ പ്രണയത്തിനെക്കാള്‍ സൗഹൃദത്തിനാണ് വിനീത് പ്രാധാന്യം നല്‍കുന്നത്.

1970കളില്‍ തുടങ്ങി ഇന്നത്തെ കാലത്ത് അവസാനിക്കുന്ന സിനിമയില്‍ നോണ്‍ ലീനിയറായാണ് വിനീത് കഥ പറയുന്നത്. കണ്ണൂരിലെ ഒരു ഗ്രാമത്തില്‍ നിന്ന് സിനിമ സ്വപ്‌നം കണ്ട് മദിരാശിക്ക് വണ്ടി കയറുന്ന രണ്ട് സുഹൃത്തുക്കള്‍ അവരുടെ ജീവിതത്തിലൂടെ പോകുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഇടയ്ക്ക് താഴെ പോകുന്ന ആദ്യ പകുതി ഇന്റര്‍വെലിനോടടുക്കുമ്പോള്‍ കാണുന്ന പ്രേക്ഷകന്റെ കണ്ണ് നിറക്കുന്നുണ്ട്.

രണ്ടാം പകുതി സിനിമക്കുള്ളിലെ സിനിമ എന്ന പ്രമേയത്തെ ഇതുവരെ കാണാത്ത രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ വരുന്ന ചെറിയ ചില കൗണ്ടറുകളും മികച്ചതായിരുന്നു. എന്നാല്‍ രണ്ടാം പകുതി തുടങ്ങി അര മണിക്കൂര്‍ കഴിയുമ്പോള്‍ അതുവരെ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തുകൊണ്ടിരുന്ന ധ്യാന്‍ ശ്രീനിവാസനെയും പ്രണവിനെയും നിഷ്പ്രഭമാക്കിക്കൊണ്ട് നിവിന്‍ കടന്നുവരുന്നുണ്ട്.

പിന്നീട് കാണാന്‍ കഴിഞ്ഞത്, കുറേക്കാലമായി മിസ് ചെയ്തിരുന്ന എന്റര്‍ടൈനറായ നിവിന്റെ അഴിഞ്ഞാട്ടമായിരുന്നു. തനിക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന ചില ഐറ്റങ്ങളില്‍ നിവിന്‍ എന്ന പെര്‍ഫോമര്‍ വിളയാടുകയായിരുന്നു. കോമഡിയില്‍ മാത്രം ഒതുങ്ങാതെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ കണ്ട ചില എക്‌സ്പ്രഷനുകളിലൂടെ കാണികളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കാനും നിവിന് സാധിച്ചു.

പരാജയചിത്രങ്ങള്‍ മാത്രം ചെയ്യുന്ന നടന്‍, ഇന്റര്‍വ്യൂ സ്റ്റാര്‍ എന്നീ വിശേഷണങ്ങള്‍ മാത്രം നല്‍കിയ ധ്യാന്‍ ശ്രീനിവാസന്റെ വിജയം കൂടിയാണ് ഈ സിനിമ. ഇമോഷണല്‍ രംഗങ്ങള്‍ ഇത്ര മികച്ചതായി ചെയ്യാന്‍ കഴിയുന്ന നടനാണ് താനെന്ന് ഈ സിനിമയിലൂടെ ധ്യാന്‍ തെളിയിച്ചു.

ഹൃദയത്തിന് ശേഷം ചെയ്യുന്ന സിനിമയില്‍ മുന്നത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രണവിന് സാധിച്ചു. ഇമോഷണല്‍ രംഗങ്ങളില്‍ പ്രണവിന്റെ കൈയടക്കം ഗംഭീരമായിരുന്നു. പ്രണവ്- ധ്യാന്‍ കോമ്പോയുടെ സൗഹൃദവും പെര്‍ഫക്ട് എന്നുതന്നെ പറയാം.

ഇവരോടൊപ്പം പറയേണ്ട മറ്റൊരു പേരാണ് അമൃത് രാംനാഥ്. സിനിമ ഡൗണ്‍ ആവുന്നു എന്ന് തോന്നുന്ന ഘട്ടത്തില്‍ തന്റെ സംഗീതം കൊണ്ട് പ്രേക്ഷകരെ സിനിമയിലേക്ക് വീണ്ടും വലിച്ചിടാന്‍ അമൃതിന് സാധിച്ചു. എല്ലാ ഗാനങ്ങളും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന തരത്തില്‍ ഒരുക്കിയിട്ടുണ്ട്.

ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, ഷാന്‍ റഹ്‌മാന്‍, നീരജ് മാധവ് എന്നിവര്‍ ചിരിപ്പൂരം തീര്‍ത്തപ്പോള്‍ വൈ.ജി. മഹേന്ദ്രയുടെ കഥാപാത്രം മികച്ച ഇംപാക്ട് നല്‍കി. കല്യാണി പ്രിയദര്‍ശന് അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നിതാ പിള്ളൈയും മോശമാക്കിയില്ല.

70കളിലെ കോടമ്പാക്കം പുനഃസൃഷ്ടിച്ച നിമേഷും, മികച്ച ഫ്രെയിമുകള്‍ ഒരുക്കിയ വിശ്വജിത്തും സിനിമയെ കൂടുതല്‍ മനോഹരമാക്കി. ഹൃദയത്തിന് മുകളില്‍ നില്‍ക്കുന്ന വിനീത് ശ്രീനിവാസന്‍ ചിത്രമെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷത്തെ വിശേഷിപ്പിക്കാം.

Content Highlight: Varshangalkku Sesham review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more