| Wednesday, 21st May 2025, 4:32 pm

അസാധ്യനായ യുവനടന്‍; ന്യൂജെന്‍ പിള്ളേരുടെ കൂടെ അഭിനയിക്കാന്‍ ആയത് എന്റെ ഭാഗ്യം: വാണി വിശ്വനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്ന് അറിയപ്പെട്ടിരുന്ന നടിയാണ് വാണി വിശ്വനാഥ്. മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടി കൂടിയാണ് വാണി. നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ നടിക്ക് കഴിഞ്ഞു. എന്നാല്‍ ഇടയ്ക്ക് വെച്ച് വാണി വിശ്വനാഥ് അഭിനയം നിര്‍ത്തുകയും സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

പിന്നീട് നീണ്ട 13 വര്‍ഷത്തെ ഇടവേളക്ക് ശേഷം ആസാദി എന്ന സിനിമയിലൂടെയാണ് നടി മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. എന്നാല്‍ റൈഫിള്‍ ക്ലബ് ആയിരുന്നു വാണിയുടേതായി ഇടവേളക്ക് ശേഷം ഇറങ്ങിയ ആദ്യ സിനിമ.

ആസാദിയില്‍ ശ്രീനാഥ് ഭാസിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടനെ കുറിച്ച് പറയുകയാണ് വാണി വിശ്വനാഥ്. അസാധ്യനായ ആര്‍ട്ടിസ്റ്റാണ് ശ്രീനാഥെന്നും ഇപ്പോഴത്തെ ന്യൂജെന്‍ പിള്ളേരുടെ കൂടെ അഭിനയിക്കുക എന്നത് തന്റെ ഭാഗ്യമാണെന്നും നടി പറഞ്ഞു.

ആസാദി സിനിമയിലൂടെ ശ്രീനാഥ് ഭാസിയുടെ കൂടെ ഞാന്‍ അഭിനയിച്ചു. അയാള്‍ ഓരോ സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞാലും മോണിറ്ററില്‍ പോയി നോക്കുന്ന ആളാണ്. എന്നോട് ‘മോണിറ്ററില്‍ നോക്കാറില്ലേ’യെന്ന് അവന്‍ ചോദിച്ചിരുന്നു.

പക്ഷെ എനിക്ക് എന്തുകൊണ്ടോ അഭിനയിച്ചതിന് ശേഷം മോണിറ്ററില്‍ നോക്കേണ്ടതായി തോന്നിയിട്ടില്ല. പണ്ടും മോണിറ്ററില്‍ നോക്കിയിട്ട് ആയിരുന്നില്ല അഭിനയിച്ചത്. അന്നൊക്കെ അഭിനയിച്ച് കഴിഞ്ഞാല്‍ ഒരു വ്യത്യാസവും വരില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.

മേക്കപ്പിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി. അഭിനയത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ട. പക്ഷെ ശ്രീനാഥ് ഭാസി ഇടയ്ക്കിടെ മോണിറ്ററില്‍ നോക്കും. അസാധ്യനായ ആര്‍ട്ടിസ്റ്റാണ് അയാള്‍. ഇപ്പോഴത്തെ ന്യൂജെന്‍ ആയ പിള്ളേരുടെ കൂടെ അഭിനയിക്കുക എന്നത് എന്റെയൊരു ഭാഗ്യമല്ലേ,’ വാണി വിശ്വനാഥ് പറയുന്നു.


Content Highlight: Vani Viswanath Talks About Sreenath Bhasi

We use cookies to give you the best possible experience. Learn more