1987ല്‍ മംഗല്യ ചാര്‍ത്ത് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാജീവിതം ആരംഭിച്ച നടിയാണ് വാണി വിശ്വനാഥ്. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലും സ്ഥിരം സാന്നിധ്യമായി വാണി വിശ്വനാഥ് മാറി. മലയാളസിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നും വാണി വിശ്വനാഥ് അറിയപ്പെട്ടു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെപ്പോലെ ആക്ഷന്‍ രംഗങ്ങളില്‍ അമ്പരപ്പിച്ച നടിയാണ് വാണി വിശ്വനാഥ്.
മലയാളത്തില്‍ ഇനി ചെയ്യാന്‍ ആഗ്രഹമുള്ള വേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വാണി വിശ്വനാഥ്. മോഹന്‍ലാലിനൊപ്പം ഇനിയൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ എതിര്‍ത്ത് നില്‍ക്കുന്ന കഥാപാത്രമാകണമെന്ന് വാണി വിശ്വനാഥ് പറഞ്ഞു. ആദ്യാവസാനം മോഹന്‍ലാലിന്റെ ഓപ്പോസിറ്റ് നില്‍ക്കുന്ന വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അത്തരത്തില്‍ ഒരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണെന്നും വാണി കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിനെപ്പോലെ ലെജന്‍ഡ് ആയിട്ടുള്ള ഒരു നടന്റെ ‘വില്ലി’യായി അഭിനയിക്കുക എന്നത് വലിയ കാര്യമാണെന്നും അങ്ങനെയൊരു കഥാപാത്രം ആരെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കുകയാണെന്നും വാണി വിശ്വനാഥ് പറയുന്നു. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം ചെയ്യാനാണ് ഇപ്പോള്‍ തനിക്ക് ഇഷ്ടമെന്നും അത് മോഹന്‍ലാലിന്റെ സിനിമയിലാണെങ്കില്‍ കുറച്ചുകൂടി നന്നാകുമെന്നും വാണി കൂട്ടിച്ചേര്‍ത്തു.
ഇതുവരെ താന്‍ അത്തരത്തില്‍ കംപ്ലീറ്റ് നെഗറ്റീവായിട്ടുള്ള കഥാപാത്രം ചെയ്തിട്ടില്ലെന്നും അങ്ങനെയുള്ള ഒന്ന് ഇതുവരെ തന്റെയടുത്തേക്ക് എത്തിയിട്ടില്ലെന്നും വാണി വിശ്വനാഥ് പറഞ്ഞു. ശ്രീനാഥ് ഭാസി നായകനായെത്തുന്ന ആസാദി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.
‘എനിക്ക് ലാലേട്ടന്റൈ കൂടെ ഇനി സിനിമ ചെയ്യണമെന്നുണ്ട്. അത് സാധാരണ ക്യാരക്ടര്‍ ആവരുതെന്ന് നിര്‍ബന്ധമുണ്ട്. പുള്ളിയുടെ ഓപ്പോസിറ്റ് നില്‍ക്കുന്ന ഒരു ക്യാരക്ടര്‍ വേണം. ആദ്യാവസാനം ലാലേട്ടനെ എതിര്‍ത്ത് നില്‍ക്കുന്ന കഥാപാത്രമാകണം അത്. എന്താ പറയുക, ലാലേട്ടന്റെ ‘വില്ലി’യായി അഭിനയിക്കണമെന്നുള്ള ആഗ്രഹമാണ്.
കംപ്ലീറ്റ് നെഗറ്റീവ് ഷെയ്ഡുള്ള ഒരു ക്യാരക്ടര്‍ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. അങ്ങനെ ഒരെണ്ണം എന്നെ തേടി വന്നിട്ടില്ല. ലാലേട്ടന്റെ ഇനിയുള്ള സിനിമകളില്‍ നെഗറ്റീവ് ഷെയ്ഡുള്ള ലേഡി ക്യാരക്ടര്‍ ഉണ്ടെങ്കില്‍ എന്നെ പരിഗണിക്കണമെന്നേ പറയാനുള്ളൂ. അങ്ങനെയൊന്ന് ചെയ്യാനുള്ള കൊതി കൊണ്ടാണ് ഇത് പറയുന്നത്. ഇനി അങ്ങനെ എഴുതുകയാണെങ്കിലും സന്തോഷമേയുള്ളൂ,’ വാണി വിശ്വനാഥ് പറഞ്ഞു.
Content Highlight: Vani Viswanath saying she wants to do antagonist character in a Mohanlal movie