മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് വാണി വിശ്വനാഥ്. ഒരു സമയത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു വാണിയെ വിശേഷിപ്പിച്ചിരുന്നത്. സിനിമയില്‍ പലപ്പോഴും നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയത് വാണി 1987ല്‍ പുറത്തിറങ്ങിയ മംഗല്യ ചാര്‍ത്ത് എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച താരം ചിരഞ്ജീവി ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ് എന്ന സിനിമയിലൂടെയാണ് തിരിച്ചുവന്നത്.
ഇപ്പോള്‍ സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. ഇന്ന് സിനിമകള്‍ വളരെ റിയലിസ്റ്റിക് ആണെന്നും യാഥാര്‍ഥ്യവുമായി അടുത്തു നില്‍ക്കുന്ന ന്യൂജെന്‍ മൂവികളാണ് ഇപ്പോഴുള്ളതെന്നും നടി പറയുന്നു.
‘വളരെ ടാലന്റഡായ കുട്ടികളാണ് ഇപ്പോള്‍ സിനിമയില്‍, ഞാനൊക്കെ അതിശയിച്ചു പോകുന്നത്ര കഴിവുകളുള്ള കുട്ടികള്‍. അതിലുള്ള വ്യത്യാസം സിനിമയില്‍ മൊത്തത്തിലുണ്ട്. റൈഫിള്‍ ക്ലബ്ബിന്റെ ഷൂട്ടിങ് ലോക്കേഷന്‍ വളരെ രസമായിരുന്നു. ഹിറ്റ്‌ലറിലൊക്കെ അഭിനയിച്ചുകൊണ്ടിരുന്ന കാലത്തെ ലൊക്കേഷനാണ് ഓര്‍മ വന്നത്.
ഹോട്ടലുകളൊന്നും ഇല്ലാത്ത, മൊബൈലിന് റെയിഞ്ച് ഇല്ലാത്ത സ്ഥലത്തൊക്കെ ഷൂട്ടിങ് ഉണ്ടായിരുന്നു. മുണ്ടക്കയത്ത് സെറ്റിട്ടിട്ടാണ് സ്വീക്കുകള്‍ പലതും എടുത്തത്. ആര്‍ക്കും മുറിയടച്ച് ഇരിക്കാനോ ഫോണില്‍ നോക്കി ഇരിക്കാനോ ഒന്നും പറ്റാത്തതു കൊണ്ട് ഫ്രീ ടൈമില്‍ ഒരുമിച്ചിരുന്ന് കഥ പറയാനും തമാശ പറയാനുമൊക്കെ അവസരം കിട്ടി. പലരെയും പരിചയപ്പെടാനും അടുത്തറിയാനും പറ്റി,’ വാണി വിശ്വനാഥ് പറയുന്നു.
മുമ്പൊക്കെ എന്തിനും ഏതിനും താന്‍ പ്രതികരിക്കുമായിരുന്നുവെന്നും അങ്ങനെ ചെയ്യണമെന്നായിരുന്നു തന്റെ വിശ്വാസമെന്നും വാണി പറയുന്നു. ഇന്ന് ആ വിശ്വാസം മാറി, ആവശ്യമുള്ളയിടത്തു മാത്രം പ്രതികരിച്ചാല്‍ മതി എന്ന തീരുമാനത്തില്‍ താന്‍ എത്തിയെന്നും വാണിവിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.
എന്തെങ്കിലും പ്രശ്‌നം നടക്കുമ്പോള്‍, വരട്ടെ ആലോചിക്കാം എന്നാണ് ആദ്യം തോന്നുകയെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ തര്‍ക്കിക്കാനോ തലയിടാനോ പോകേണ്ടതില്ല എന്ന മാനസികാവസ്ഥയാണ് ഇന്നുള്ളതെന്നും നടി പറഞ്ഞു.
Content Highlight: Vani Vishwanath talks about the changes in cinema and the new film