മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് വാണി വിശ്വനാഥ്. ഒരു സമയത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു വാണിയെ വിശേഷിപ്പിച്ചിരുന്നത്. സിനിമയില്‍ പലപ്പോഴും നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയത് വാണി 1987ല്‍ പുറത്തിറങ്ങിയ മംഗല്യ ചാര്‍ത്ത് എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച താരം ചിരഞ്ജീവി ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ് എന്ന സിനിമയിലൂടെയാണ് തിരിച്ചുവന്നത്.
ഇപ്പോഴിതാ മനോരമാ ആഴ്ച്ചപതിപ്പുമായുള്ള അഭിമുഖത്തില്‍ ഇനി സിനിമകളില്‍ സജീവമാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് വാണി വിശ്വനാഥ്. തനിക്ക് ചേരുന്ന നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അത് എത്ര ചെറുതായാലും വലുതായാലും അഭിനയിക്കാം എന്നൊരു തീരുമാനമെടുത്തുവെന്ന് നടി പറയുന്നു.
‘സജീവമാകണം, നിറയെ സിനിമകള്‍ ചെയ്യണം എന്നുള്ള ആഗ്രഹങ്ങളൊന്നുമില്ല. എനിക്ക് ഇപ്പോള്‍ ഇഷ്ടം പോലെ സമയമുണ്ട്. മക്കള്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരായി. മോള്‍ പോളണ്ടില്‍ എം.ബി.ബി.എസിന് പഠിക്കുകയാണ്. ആദ്യത്തെ മൂന്ന് വര്‍ഷം അവള്‍ ദുബായില്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ആയിരുന്നു.
ആ സമയത്ത് ഞാന്‍ അവളെ ദുബായില്‍ കൊണ്ട് പോയാക്കുകയും തിരിച്ചു കൂട്ടിക്കൊണ്ട് വരികയുമൊക്കെ ചെയ്തിരുന്നു. ബാബുവേട്ടന്‍ (ബാബുരാജ്) വളരെ നല്ല ഒരു അച്ഛനാണ്. നല്ല ഭര്‍ത്താവാണോന്ന് ചോദിച്ചാല്‍ അത്ര മാര്‍ക്കൊന്നും കൊടുക്കില്ല. ബാബുവേട്ടന്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എപ്പോഴും തിരക്കിലായിരുന്നു. ഇടയ്ക്ക് ചെന്നൈയില്‍ വരും പോകും,’ വാണി വിശ്വസാഥ് പറയുന്നു.
തങ്ങള്‍ കല്യാണം കഴിക്കുന്ന സമയത്ത് അദ്ദേഹം ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയായിരുന്നുവെന്നും എത്ര ചെറിയ വേഷമാണെങ്കിലും ബാബുവിന് ഇഷ്ടമാണങ്കില്‍ ചെയ്യട്ടെ എന്നായിരുന്നു താന്‍ എപ്പോഴും വിചാരിക്കാറുള്ളതെന്നും നടി പറയുന്നു. ഇപ്പോള്‍ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി സ്വഭാവനടനും കൊമേഡിയനുമൊക്കെയായി കുറേ നല്ല റോളുകള്‍ ചെയ്തുവെന്നും അതില്‍ സന്തോഷമുണ്ടെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.