തൃശ്ശൂര്‍: വല്ലാത്ത പഹയന്‍ എന്ന പേര് പ്രളയകാലത്താണ് മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. അന്ന പ്രളയത്തില്‍ അകപ്പെട്ട മലയാളികളെ മൊത്തം അധിക്ഷേപിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന് ചുട്ട മറുപടി കൊടുത്ത വല്ലാത്ത പഹയനെ മലയാളികള്‍ ഏറ്റെടുത്തു.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വിനോദ് നാരായണനാണ് വല്ലാത്ത പഹയന്‍ എന്ന പേരില്‍ വ്‌ലോഗിലൂടെ മലയാളികളുടെ ഇഷ്ടക്കാരനായത്. ഒടുവിലിതാ വല്ലാത്ത പഹയന്‍ ഇപ്പോള്‍ സിനിമാ താരവുമായിരിക്കുകയാണ്.
മെക്‌സിക്കന്‍ അപാരതക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വല്ലാത്ത പഹയന്‍ ഇപ്പോള്‍ അഭിനയിച്ചിരിക്കുന്നത്. തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിച്ച് ആന്‍സണ്‍ പോള്‍ നായകനാവുന്ന “ദി ഗാമ്പ്‌ലര്‍” എന്ന ഈ ചിത്രം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം ആരംഭിച്ചത്.
ഇത് ആദ്യമായല്ല വല്ലാത്ത പഹയന്‍ സിനിമയില്‍ അഭിനയിക്കുന്നത്. ഇതിന് മുമ്പ് എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നിര്‍മ്മാല്യത്തില്‍ ബാലതാരമായിട്ടും വല്ലാത്ത പഹയന്‍ അഭിനയിച്ചിട്ടുണ്ട്.
വിനോദ് നാരായണന്‍ തന്നെയാണ് സിനിമ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചത്.