ജീത്തുജോസഫിന്റെ സംവിധാനത്തിലെത്തിയ വലതുവശത്തെ കള്ളന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ബൈബിളിലെ സുപരിചിതമായ കഥയെ ഒരു പൊലീസ് ഓഫീസറുടെ ജീവിതത്തിലേക്ക് പറിച്ചുനട്ടുകൊണ്ട്, പരീക്ഷണാത്മകമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രമെന്നും ആദ്യപകുതിയില്‍ ഇഴഞ്ഞുനീങ്ങുന്ന ചിത്രം രണ്ടാം പകുതിയിലും ലോജിക്കില്ലായ്മയാല്‍ ‘സമ്പന്ന’മാണെന്നുമാണ് ചിലരുടെ പ്രതികരണം.
അതേസമയം ഒരു മികച്ച ചെസ്സ് കളി കാണുന്ന അനുഭവമാണ് സിനിമയുടെ രണ്ടാം പകുതി സമ്മാനിക്കുന്നതെന്നും ഓരോ നീക്കവും അത്രമേല്‍ സൂക്ഷ്മവും ബുദ്ധിപരവുമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഡിനു തോമസ് ഒരുക്കിയ തിരക്കഥയില്‍ ട്വിസ്റ്റുകള്‍ക്ക് വേണ്ടി കൃത്രിമമായി ഒന്നും കുത്തിനിറച്ചിട്ടില്ലെന്നും ചില സംഭവങ്ങള്‍ സ്വാഭാവികമായി പരിണമിക്കുമ്പോള്‍ ഉണ്ടാകുന്ന വഴിത്തിരിവുകളാണ് സിനിമയിലുള്ളതെന്നും ചിലര്‍ പറയുന്നു.
ജീത്തു ജോസഫ്, ബിജു മേനോന്‍, ജോജു ജോര്‍ജ് Photo: Theatrical release Poster/screengrab
ബിജു മേനോന്റെ പക്വതയാര്‍ന്ന അഭിനയവും ജോജു ജോര്‍ജിന്റെ പ്രകടനവും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നെന്നും ഇര്‍ഷാദ് അലിയുടെ മുഴുനീള വേഷം ഗംഭീരമായെന്നും ചിലര്‍ പ്രതികരിച്ചു.
വിഷ്ണു ശ്യാമിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ സസ്‌പെന്‍സ് മൂഡ് നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ കുറിക്കുന്നു.
സിനിമയുടെ തുടക്കത്തിലും രണ്ടാം പകുതിയിലുമായുണ്ടാകുന്ന ചില രംഗങ്ങളിലെ ലോജിക് കുറവും ആദ്യ പകുതിയിലെ ലാഗും ചിത്രത്തെ പിന്നോട്ടടിക്കുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.