കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമാനുഭവങ്ങളിലൊന്നായിരുന്നു ഗഗനചാരി. അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഗഗനചാരിക്ക് ശേഷം അരുണിന്റെ അടുത്ത ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനെ നായകനാക്കിയാണ് അരുണ്‍ ചന്തു തന്റെ അടുത്ത ചിത്രം ഒരുക്കുന്നത്. വല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. അവതരണം കൊണ്ടും കഥ കൊണ്ടും ഗഗനചാരി പോലെ വ്യത്യസ്തമായ ഒന്നായിരിക്കും വല എന്നാണ് ഗ്ലിംപ്‌സ് വീഡിയോ സൂചിപ്പിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രമായാണ് വല ഒരുങ്ങുന്നത്. കണ്ടുശീലിച്ച സോംബി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭാവി കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. കോമഡി പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ അമ്പിളി aka പ്രൊഫസര്‍ ലൂണ എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്.
2012ല്‍ കോഴിക്കോട് വെച്ചുണ്ടായ അപകടത്തില്‍ ജഗതിക്ക് സാരമായ പരിക്കുകളേറ്റിരുന്നു. അപകടത്തിന് ശേഷം ജഗതി സിനിമകളൊന്നും ചെയ്തിരുന്നില്ല. 2022ല്‍ സി.ബി.ഐ 5 എന്ന ചിത്രത്തില്‍ ചെറിയൊരു ഭാഗം ചെയ്ത് തിരിച്ചുവരവിന്റെ സൂചനകള്‍ ജഗതി നല്‍കിയിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മുഴുനീള വേഷത്തില്‍ മലയാളത്തിന്റെ സ്വന്തം ജഗതി എത്തുകയാണ്.
ജഗതിയുടെ കൂട്ടാളികളായവരെ പരിചയപ്പെടുത്തുകയാണ് ഗ്ലിംപ്‌സിലൂടെ. വിശാല്‍ കുര്യന്‍ എന്ന കഥാപാത്രമായി ഗോകുല്‍ സുരേഷ് വേഷമിടുമ്പോള്‍ കെ.ബി എന്ന കൂട്ടാളിയായി ബേസില്‍ ജോസഫും എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം പ്ലൂട്ടോ എന്ന കഥാപാത്രമായി അജു വര്‍ഗീസും വേഷമിടുന്നു. വിനീത് ശ്രീനിവാസന്‍, അനാര്‍ക്കലി മരക്കാര്‍, ഗണേഷ് കുമാര്‍, ഭഗത് മാനുവല്‍, ജിജു ജോണ്‍, ജോണ്‍ കൈപ്പള്ളില്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പി.വി.ആര്‍. പോപ്‌കോണ്‍ മൂവി ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ച വലയുടെ ഗ്ലിംപ്‌സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില് പ്രചരിച്ചിരുന്നു. മലയാളികളെ ആവോളം ചിരിപ്പിച്ച, എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ച ജഗതിയുടെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: Vala movie glimpse out now starring Jagathy Sreekumar and Basil Jospeh