വൈഭവ് വെടിക്കെട്ട് രണ്ടാമത്; ഇന്ത്യയുടെ ഒന്നാമനാര്?
Sports News
വൈഭവ് വെടിക്കെട്ട് രണ്ടാമത്; ഇന്ത്യയുടെ ഒന്നാമനാര്?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th December 2025, 9:30 pm

അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യു.എ.ഇക്കെതിരെ ഇന്ത്യന്‍ ടീം കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ 234 റണ്‍സിനായിരുന്നു ടീമിന്റെ വിജയം. യുവതാരം വൈഭവ് സൂര്യവംശിയുടെ കരുത്തിലാണ് ഇന്ത്യ ജയിച്ചത്.

സൂര്യവംശി സെഞ്ച്വറി നേടിയാണ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തിളങ്ങിയത്. താരം 95 പന്തില്‍ 171 റണ്‍സാണ് നേടിയത്. ഈ ഇന്നിങ്‌സില്‍ പിറന്നത് 14 സിക്സറുകളും ഒമ്പത് ഫോറുകളുമാണ്. 180 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് താരം ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.

മത്സരത്തിനിടെ വൈഭവ് സൂര്യവംശി. Photo: BCCI/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും വൈഭവിന് സ്വന്തമാക്കാന്‍ സാധിച്ചു. അണ്ടര്‍ 19 ഏകദിനത്തില്‍ ഏറ്റവും വലിയ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് രാജസ്ഥാന്‍ റോയല്‍സ് താരം സ്വന്തം പേരിലെഴുതിയത്. മുംബൈ ഇന്ത്യന്‍സ് വേണ്ടി ഐ.പി.എല്ലില്‍ കളിച്ച രാജ് ബാവയെ മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.

ഈ നേട്ടത്തില്‍ ഒന്നാമത് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അമ്പാട്ടി റായിഡുവാണ്. റായിഡുവിനോട് ഏഴ് റണ്‍സിനാണ് വൈഭവിന് ഒന്നാം സ്ഥാനം നഷ്ടമായത്. റായിഡു 2002ല്‍ ഇംഗ്ലണ്ടിന് എതിരെ പുറത്താവാതെ 177 റണ്‍സ് നേടിയിരുന്നു. ഇതാണ് ഇന്നും ഇന്ത്യക്കാരില്‍ ഉയര്ന്ന സ്‌കോര്‍.

U -19 ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരങ്ങള്‍

(സ്‌കോര്‍ – താരം – എതിരാളി – വര്‍ഷം ഇനീ ക്രമത്തില്‍)

177* – അമ്പാട്ടി റായിഡു – ഇംഗ്ലണ്ട് – 2002

171 – വൈഭവ് സൂര്യവംശി – യു.എ.ഇ – 2025

162* – രാജ് ബാവ – ഉഗാണ്ട – 2022

160 – മായങ്ക് അഗര്‍വാള്‍ – ഓസ്‌ട്രേലിയ – 2009

160 – ശുഭ്മന്‍ ഗില്‍ – ഇംഗ്ലണ്ട് – 2017

155* – ശിഖര്‍ ധവാന്‍ – സ്‌കോട്ട്‌ലാന്‍ഡ് – 2004

മത്സരത്തിനിടെ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ താരങ്ങൾ. Photo: BCCI/x.com

വൈഭവിന് പുറമെ, ആരോണ്‍ വര്‍ഗീസ്, വിഹാന്‍ മല്‍ഹോത്ര എന്നിവരും മികവ് പുലര്‍ത്തി. വര്‍ഗീസ് 73 പന്തില്‍ 69 റണ്‍സെടുത്തപ്പോള്‍ വിഹാന്‍ മല്‍ഹോത്ര 55 പന്തില്‍ 69 റണ്‍സും നേടി.

Content Highlight: Vaibhav Suryavanshi registered second highest score in U19 ODI by a Indian; Ambatti Rayudu holds the first place