വെടിക്കെട്ടില്‍ വീണ്ടും ചരിത്രം പിറന്നു, ഇത്തവണ തൂക്കിയടിച്ചത് പാക് താരത്തെ; ഇംഗ്ലണ്ടില്‍ വൈഭവിന്റെ ആറാട്ട്
Sports News
വെടിക്കെട്ടില്‍ വീണ്ടും ചരിത്രം പിറന്നു, ഇത്തവണ തൂക്കിയടിച്ചത് പാക് താരത്തെ; ഇംഗ്ലണ്ടില്‍ വൈഭവിന്റെ ആറാട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 5th July 2025, 5:57 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അണ്ടര്‍ 19 നാലാം യൂത്ത് ഒ.ഡി.ഐ ഇംഗ്ലണ്ടിലെ വോര്‍സെസ്റ്ററില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ 26 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് ഇന്ത്യ നേടിയത്. സന്ദര്‍ശകര്‍ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെക്കുന്നത് 14കാരനായ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശിയാണ്.

76 പന്തില്‍ നിന്ന് 10 സിക്‌സും 13 ഫോറും ഉള്‍പ്പെടെ 142 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. തന്റെ വീരോചികമായ ആക്രമണ ബാറ്റിങ്ങില്‍ ക്രിക്കറ്റ് ലോകത്തെ വീണ്ടും അമ്പരപ്പിക്കുകയാണ് താരം. നേരിട്ട 52ാം പന്തിലായിരുന്നു താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് തൂക്കാനും വൈഭവിന് സാധിച്ചിരിക്കുകയാണ്. അണ്ടര്‍ 19ലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടാനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ പാകിസ്ഥാന്‍ കമ്രം ഗുലാമിനെ മറികടക്കാനും താരത്തിന് സാധിച്ചു.

53 പന്തില്‍ നിന്നാണ് പാക് താരം സെഞ്ച്വറി നേടിയത്. എന്നാല്‍ ഇന്ത്യയുടെ ഇടംകൈയ്യന്‍ സൂപ്പര്‍ താരം ഈ റെക്കോഡെല്ലാം തകര്‍ത്ത് വമ്പന്‍ കുതിപ്പാണ് ക്രിക്കറ്റില്‍ നടത്തുന്നത്. താരത്തിനൊപ്പം മികച്ച പ്രകടനം നടത്തുന്ന വിഹാന്‍ മല്‍ഹോത്ര 67 പന്തില്‍ നിന്ന് 53 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി സെബാസ്റ്റ്യന്‍ മോര്‍ഗണ്‍, ജെയിംസ് മിന്റോ എന്നിവരാണ് വിക്കറ്റ് നേടിയത്.

അതേസമയം വൈഭവ് ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 2025ല്‍ അരങ്ങേറ്റം നടത്തി അമ്പരപ്പിച്ചിരുന്നു. ക്യാപ്റ്റന്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നപ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലാണ് വൈഭവ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ചത്.

തുടര്‍ന്ന് ഏഴ് മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് താരം അടിച്ചെടുത്തത്. 36.0 എന്ന ആവറേജും 206.56 എന്ന സ്‌ട്രൈക്ക് റേറ്റും ഉള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. സീസണില്‍ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിയുള്‍പ്പെടെയുള്ള റെക്കോഡുകളും ഒരു അര്‍ധ സെഞ്ച്വറിയും താരം നേടി.

 

Content Highlight: Vaibhav Suryavanshi In Great Record Achievement In Youth ODI