ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സിലെ വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്കില്‍ യു.എ.ഇക്കെതിരായ മത്സരത്തില്‍ 32 പന്തില്‍ സെഞ്ച്വറി നേടിയ താരം 42 പന്തില്‍ 144 റണ്‍സ് പൂര്‍ത്തിയാക്കിയാണ് കളം വിട്ടത്.
വൈഭവിന്റെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 297 റണ്‍സ് നേടുകയും 148 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.
32 പന്തില്‍ സെഞ്ച്വറി നേടിയെങ്കിലും ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരമാകാന്‍ വൈഭവിന് സാധിച്ചില്ല. ഏറ്റവും വേഗത്തില്‍ ടി-20 സെഞ്ച്വറി നേടുന്ന രണ്ടാമത് ഇന്ത്യന്‍ താരമാണ് വൈഭവ്. 28 പന്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ഉര്‍വില്‍ പട്ടേലും അഭിഷേക് ശര്‍മയുമാണ് ഈ റെക്കോഡില്‍ ഒന്നാമത്.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഉര്‍വില്‍ പട്ടേല്‍ – ഗുജറാത്ത് – ത്രിപുര – 28 – 2024
അഭിഷേക് ശര്‍മ – പഞ്ചാബ് – മേഘാലയ – 28 – 2024
റിഷബ് പന്ത് – ദല്‍ഹി – ഹിമാചല്‍ പ്രദേശ് – 32 – 2018
അതേസമയം, യു.എ.ഇക്കെതിരായ മത്സരത്തില്‍ വൈഭവിന് പുറമെ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 32 പന്ത് നേരിട്ട കാരം 83 റണ്‍സ് നേടി. എട്ട് ഫോറും ആറ് സിക്‌സറും അടങ്ങുന്നതായിരുന്നു ജിതേഷിന്റെ പ്രകടനം.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 297ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് തുടക്കം പാളിയിരുന്നു. ക്യാപ്റ്റന്‍ അലിഷന്‍ ഷറഫു മൂന്നിനും അഹമ്മദ് താരിഖ് പൂജ്യത്തിനും മായങ്ക് കുമാര്‍ 18നും പുറത്തായി.
63 റണ്‍സ് നേടിയ ഷോയ്ബ് ഖാനാണ് ചെറുത്തുനിന്നത്. ആറ് സിക്‌സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് യു.എ.ഇക്ക് നേടാനായത്.
ഇന്ത്യയ്ക്കായി ഗുര്‍ജാപ്‌നീത് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷ് ദുബെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ യാഷ് താക്കൂര്‍, രമണ്‍ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Vaibhav Suryavanshi becomes second fastest to score a century in T20 format