വൈഭവ് എന്നാ സുമ്മാവ! വെടിക്കെട്ടില്‍ പിറന്നത് പുതുചരിത്രം
Cricket
വൈഭവ് എന്നാ സുമ്മാവ! വെടിക്കെട്ടില്‍ പിറന്നത് പുതുചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th December 2025, 10:55 pm

യുവതാരം വൈഭവ് സൂര്യവംശി വീണ്ടും ബാറ്റിങ് പ്രകടനങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കുകയാണ്. ഇത്തവണ അണ്ടര്‍ 19 ഏഷ്യാ കപ്പിലാണ് താരം തന്റെ വെടിക്കെട്ട് നടത്തുന്നത്. ഇന്ന് ടൂര്‍ണമെന്റില്‍ യു.എ.ഇക്ക് എതിരെയും താരം സെഞ്ച്വറി നേടിയിരുന്നു.

സൂര്യവംശി 95 പന്തില്‍ 171 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 180 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രകടനം. 14 സിക്സറുകളും ഒമ്പത് ഫോറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്.

മത്സരത്തിനിടെ വൈഭവ് സൂര്യവംശി. Photo: BCCI/x.com

ഈ സിക്‌സര്‍ മഴയില്‍ പിറന്നത് ഒരു പുതുചരിത്രമാണ്. യൂത്ത് ഏകദിനത്തില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് സൂര്യവംശി സ്വന്തമാക്കിയത്. യു.എ.ഇക്കെതിരെ മത്സരത്തിന് മുമ്പ് 43 സിക്‌സറുകളായിരുന്നു താരത്തിന്റെ പേരിലുണ്ടായിരുന്നത്.

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ സൂര്യവംശി തന്നെ 14 സിക്‌സുകള്‍ അടിച്ചതോടെ 50 മാര്‍ക്ക് കടക്കുകയായിരുന്നു. ഇതോടെ 57 സിക്‌സുകളായി താരത്തിന്റെ സമ്പാദ്യം. വെറും 12 ഇന്നിങ്‌സില്‍ കളിച്ചാണ് ഇടം കൈയ്യന്‍ ബാറ്ററുടെ ഈ നേട്ടം.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

യൂത്ത് ഏകദിനത്തില്‍ സിക്‌സ് നേടിയവരുടെ ലിസ്റ്റില്‍ സൂര്യവംശിക്ക് പിന്നില്‍ മുന്‍ ഇന്ത്യന്‍ യൂത്ത് ടീം ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദാണ്. താരത്തിന് 38 സിക്‌സുകളാണ് യൂത്ത് ഏകദിനത്തിലുള്ളത്.

അതേസമയം, യൂത്ത് ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. യു.എ.ഇ ക്കെതിരെ 234 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് യുവ ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ വൈഭവിന് പുറമെ ആരോണ്‍ വര്‍ഗീസ്, വിഹാന്‍ മല്‍ഹോത്ര എന്നിവരും തിളങ്ങി. വര്‍ഗീസ് 73 പന്തില്‍ 69 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ വിഹാന്‍ മല്‍ഹോത്ര 55 പന്തില്‍ 69 റണ്‍സും എടുത്തു.

Content Highlight: Vaibhav Suryavanshi became first batter to cross 50 sixes in youth ODI