2026 ഐ.പി.എല്‍ ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം വീണ്ടും സ്വന്തമാക്കി. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ കിരീട നേട്ടം.
ചെന്നൈ സൂപ്പര്‍ കിങ്സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐ.പി.എല്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമാണ് ബെംഗളൂരു. ഇത് രണ്ടാം തവണയാണ് രജത് പാടിദാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു കിരീടനേട്ടത്തിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തിയായിരുന്നു ആര്‍.സി.ബിയുടെ കിരീട നേട്ടം.
ഈ സീസണില്‍ ആരാധകരെ ഏറെ വിസ്മയിപ്പിച്ചത് രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശിയായിരുന്നു. മുന്നിലെത്തുന്ന ഏത് ബൗളറെയും ഒരു ഭയവുമില്ലാതെ അനായാസം നേരിട്ടുകൊണ്ടാണ് വൈഭവ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ഈ ഐ.പി.എല്ലില്‍ ലോകോത്തര ബൗളര്‍മാരെല്ലാം വൈഭവിന്റെ ബാറ്റിന്റെ ശക്തിയറിഞ്ഞു.
ടൂര്‍ണമെന്റിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്.
എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 97 റണ്‍സും രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 96 റണ്‍സും നേടി വൈഭവ് തിളങ്ങിയിരുന്നു. സെഞ്ച്വറിക്കരികിലെത്തിയാണ് വൈഭവ് മടങ്ങിയത്.
ഓറഞ്ച് ക്യാപ്പിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കി. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി എമര്‍ജിങ് പ്ലയെര്‍ അവാര്‍ഡ് നേടുന്ന മൂന്നാമത്തെ താരമാണ് വൈഭവ്. 2013ല്‍ മുന്‍ നായകന്‍ സഞ്ജു സാംസണും 2023ല്‍ യശ്വസി ജെയ്സ്വാളുമാണ് ഇതിന് മുമ്പ് റോയല്‍സിനായി ഈ നേട്ടം കൈവരിച്ചത്.
ശ്രീവാസ്ത ഗോസാമി-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-2008
രോഹിത് ശര്‍മ-ഡെക്കാന്‍ ചാര്‍ജേഴ്‌സ്-2009
സൗരഭ് തിവാരി-മുംബൈ ഇന്ത്യന്‍സ്-2010
ഇഖ്ബാല്‍ അബ്ദുല്ല-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-2011
മന്‍ദീപ് സിങ്-പഞ്ചാബ് കിങ്സ്-2012
സഞ്ജു സാംസണ്‍-രാജസ്ഥാന്‍ റോയല്‍സ്-2013
അക്സര്‍ പട്ടേല്‍-പഞ്ചാബ് കിങ്സ്-2014
ശ്രേയസ് അയ്യര്‍-ദല്‍ഹി ഡെയര്‍ ഡെവിള്‍സ്-2015
മുസ്തഫിസുര്‍ റഹ്‌മാന്‍-സണ്‍റൈസേഴ്സ് ഹൈദരാബാദ്-2016
ബേസില്‍ തമ്പി-ഗുജറാത്ത് ലയണ്‍സ്-2017
റിഷബ് പന്ത്-ദല്‍ഹി ഡെയര്‍ ഡെവിള്‍സ്-2018
ശുഭ്മന്‍ ഗില്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-2019
ദേവ്ദത്ത് പടിക്കല്‍-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-2020
ഋതുരാജ് ഗെയ്ക്വാദ്-ചെന്നൈ സൂപ്പര്‍ കിങ്സ്-2021
ഉമ്രാന്‍ മാലിക്-സണ്‍റൈസേഴ്സ് ഹൈദരാബാദ്-2022
യശ്വസി ജെയ്സ്വാള്‍-രാജസ്ഥാന്‍ റോയല്‍സ്-2023
നിതീഷ് കുമാര്‍ റെഡ്ഢി-സണ്‍റൈസേഴ്സ് ഹൈദരാബാദ്-2024
സായ് സുദര്‍ശന്‍-ഗുജറാത്ത് ടൈറ്റന്‍സ്-2025
വൈഭവ് സൂര്യവംശി-രാജസ്ഥാന്‍ റോയല്‍സ്-2026
Content Highlight: Vaibhav Suryavamshi is the third Rajasthan Royals Player to won emerging player award in IPL