| Saturday, 26th April 2025, 8:12 pm

സിനിമയില്‍ എനിക്കൊരു ജീവിതം തന്നത് ആ നടന്‍, ദൈവത്തെപ്പോലെയാണ് അദ്ദേഹമെനിക്ക്: വടിവേലു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വടിവേലു. ഹാസ്യനടനായി കരിയര്‍ തുടങ്ങിയ വടിവേലു വളരെ വേഗത്തില്‍ തമിഴ് ഹാസ്യനടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. തന്റെ കോമഡി കൊണ്ട് ആരാധകരെ സൃഷ്ടിച്ച വടിവേലുവിനെ ‘വൈഗൈപ്പുയല്‍’ എന്ന് തമിഴ് സിനിമ അഭിസംബോധന ചെയ്തു. സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത താരം തിരിച്ചുവരവില്‍ മാമന്നന്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെ ഞെട്ടിച്ചു.

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായ രാജ് കിരണുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് വടിവേലു. സിനിമാലോകത്ത് താന്‍ ദൈവത്തെപ്പോലെ കാണുന്ന ഒരാളാണ് രാജ് കിരണെന്ന് വടിവേലു പറഞ്ഞു. നാല് വര്‍ഷത്തോളം അദ്ദേഹത്തിന്റെ ഓഫീസിലായിരുന്നു താന്‍ താമസിച്ചതെന്നും അക്കാലമത്രയും തന്റെ ചെലവെല്ലാം നോക്കിയത് രാജ് കിരണായിരുന്നെന്നും വടിവേലു കൂട്ടിച്ചേര്‍ത്തു.

ആദ്യത്തെ സിനിമക്ക് ശേഷം നാല് വര്‍ഷത്തോളം അവസരമൊന്നും വലുതായി ലഭിച്ചിരുന്നില്ലെന്നും ആ സമയത്ത് താന്‍ രാജ് കിരണിന്റെ കൂടെയായിരുന്നെന്നും വടിവേലു പറയുന്നു. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ തന്നെയായിരുന്നു തന്റേതെന്നും ആ ഓഫീസ് അഡ്രസ് തന്നെയായിരുന്നു തന്റെ അഡ്രസായി നല്‍കിയതെന്നും വടിവേലു പറഞ്ഞു.

തേവര്‍ മകനാണ് തനിക്ക് ബ്രേക്ക് ത്രൂ നല്‍കിയതെന്നും അതിന് ശേഷം തനിക്ക് ഒരുപാട് അവസരം ലഭിച്ചെന്നു വടിവേലു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമയില്‍ ആരുമല്ലാതിരുന്ന കാലത്ത് തന്നെ സഹായിച്ചത് രാജ് കിരണാണെന്നും അദ്ദേഹം തനിക്ക് ദൈവത്തെപ്പോലെയാണെന്നും വടിവേലു പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു വടിവേലു.

‘സിനിമാലോകത്ത് ഞാന്‍ ദൈവമായി കാണുന്ന ഒരാളുണ്ടെങ്കില്‍ അത് രാജ് കിരണാണ്. നാല് വര്‍ഷത്തോളം എന്നെ അദ്ദേഹത്തിന്റെ കൂടെ നിര്‍ത്തിയിട്ടുണ്ട്. ആദ്യത്തെ സിനിമയില്‍ അഭിനയിച്ചതിന് ശേഷം എനിക്ക് അവസരങ്ങളൊന്നും അധികം കിട്ടിയില്ല. അക്കാലമത്രയും ഞാന്‍ രാജ് കിരണിന്റെ ഓഫീസിലായിരുന്നു താമസിച്ചത്.

അദ്ദേഹത്തിന്റെ രണ്ട് സിനിമയില്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ടായിരുന്നു. രാജ് കിരണ്‍ സാറിന്റെ ഫോണ്‍ നമ്പര്‍ തന്നെയായിരുന്നു എന്റെയും. ആ ഓഫീസ് അഡ്രസ് തന്നെയായിരുന്നു എന്റെ അഡ്രസായി കൊടുത്തത്. അങ്ങനെയിരിക്കുമ്പോഴാണ് തേവര്‍ മകനില്‍ എനിക്ക് അവസരം കിട്ടിയത്. അതിന് ശേഷം ഒരുപാട് അവസരം കിട്ടി. എന്നാലും രാജ് കിരണ്‍ സാറോടുള്ള ബഹുമാനം എനിക്ക് ഇന്നുമുണ്ട്,’ വടിവേലു പറഞ്ഞു.

Content Highlight: Vadivelu saying that Raj Kiran helped him during his struggling stage

We use cookies to give you the best possible experience. Learn more