സമാനകളില്ലാത്ത ചരിത്രവിജയമാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2 സ്വന്തമാക്കിയിരിക്കുന്നത്. 2024 ല്‍ പുറത്തിറങ്ങിയ വാഴയുടെ രണ്ടാം ഭാഗമായ വാഴ 2വിന് വമ്പിച്ച വരവേല്‍പ്പാണ് മലയാളി പ്രേക്ഷകര്‍ നല്‍കുന്നത്. മലയാളത്തിലെ മുന്‍നിര അഭിനേതാക്കളുടെയൊന്നും സാന്നിധ്യമില്ലാതെ റീല്‍സെടുത്ത് ശ്രദ്ദിക്കപ്പെട്ട ഹാഷിറിനെയും ടീമിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഇരുനൂറ് കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
വാഴ 2. Photo: IMDB
ചിത്രത്തില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളില്‍ വന്നുപോയവര്‍ക്കെല്ലാം പ്രേക്ഷകരുമായി അടുപ്പം സൃഷ്ടിക്കാന്‍ സാധിച്ചതായിരുന്നു ചിത്രത്തിന്റെ പ്രധാനവിജയം. ബിജുക്കുട്ടന്‍, സുധീഷ്, അജുവര്‍ഗീസ്, അല്‍ഫോണ്‍സ് പുത്രന്‍, ദേവരാജ് തുടങ്ങി എല്ലാവരും ഇതില്‍ വിജയിച്ചിരുന്നു. അത്തരത്തില്‍ കുറച്ച് സമയമെങ്കിലും പ്രേക്ഷകരില്‍ സ്വാധീനം സൃഷ്ടിക്കാന്‍ സാധിച്ച കഥാപാത്രമായിരുന്നു ഹാഷിറിന്റെ ഉമ്മയായി വേഷമിട്ട അശ്വതി ചന്ദിന്റെത്.
ടെലിവിഷന്‍ പരമ്പരകളിലൂടെയും കോമഡി ഉത്സവം പോലുള്ള കോമഡി ഷോകളിലൂടെയും ശ്രദ്ധ നേടിയ അഭിനേത്രിയായ അശ്വതി ചന്ദിനെയും ഹാഷിറിനെയും കേന്ദ്രീകരിച്ചാണ് ചിത്രം ആരംഭിക്കുന്നത്. ഇത്തരത്തില്‍ വന്‍ വിജയമായ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്‍ഫിനിറ്റ് എന്റര്‍ടെയിന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഹാഷിറടക്കമുള്ള ആര്‍ട്ടിസ്റ്റുകളെല്ലാവരും തിയേറ്ററില്‍ നിന്നാണ് സിനിമ ആദ്യം കണ്ടത്. പ്രിവ്യൂ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ എല്ലാവര്‍ക്കും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്താവും, എങ്ങനെയാവും ചിത്രമെന്നറിയാനായി. ചിത്രം തുടങ്ങുമ്പോള്‍ ആദ്യം കാണിക്കുന്ന സീന്‍ വാഴ വെട്ടിയിടുന്ന സീനാണ്. അതിന് ശേഷം ചിത്രത്തില്‍ ആദ്യം കാണിക്കുന്ന മുഖം എന്റെതാണ്.
സിനിമ തുടങ്ങി ഇത് കണ്ടിരുന്നപ്പോള്‍ എനിക്ക് സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയായി. കാരണം അത്രയം വലിയൊരു പടത്തില്‍ ആളുകള്‍ അത്രയും ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ ആ ചിത്രം തുടങ്ങുന്നത് നമ്മളെ കാണിച്ചുകൊണ്ടാണ്. ആദ്യത്തെ ഒരു പത്ത് മിനുട്ടോളം ഞാനും, ഹാഷിറിന്റെയും ശബരിയുടെയും കഥാപാത്രങ്ങളുടെ കുട്ടിക്കാലവുമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഒരു സിനിമയില്‍ പത്ത് മിനുട്ട് എന്നെ കാണിക്കുക എന്ന് പറഞ്ഞാല്‍ ഞാന്‍ സ്വപ്‌നം കണ്ടതിലും അപ്പുറമായിരുന്നു,’ അശ്വതി പറഞ്ഞു.
Content Highlight: Vaazha artist Ashwathy Chandh talks about her experience watching Vaazha 2 for first time in theatres
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.