മറ്റെല്ലാ ആവിശ്യത്തിനും ഗ്രൗണ്ടുണ്ട്, കുട്ടികള്‍ക്കില്ല: വിപിന്‍ ദാസ്
Malayalam Cinema
മറ്റെല്ലാ ആവിശ്യത്തിനും ഗ്രൗണ്ടുണ്ട്, കുട്ടികള്‍ക്കില്ല: വിപിന്‍ ദാസ്
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 22nd April 2026, 8:55 pm

പറയത്തക്ക സ്റ്റാര്‍ കാസ്റ്റോ ഹൈപ്പോ ഒന്നും ഇല്ലതെയെത്തി തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടി മുന്നേറുകയാണ് സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2. 2024 ല്‍ പുറത്തിറങ്ങിയ വാഴയുടെ രണ്ടാം ഭാഗമായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കിയിരിക്കുന്നത് വിപിന്‍ ദാസാണ്. ഇതിനോടകം തന്നെ ഇരുനൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം കേവലം ഒരു എന്റര്‍ടെയിനര്‍ എന്നതിലുപരി സാമൂഹിക പ്രസക്തിയുള്ള ഒരുപാട് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് കൂടിയായിരുന്നു.

ചിത്രത്തില്‍ ബിജുക്കുട്ടന്‍ അവതരിപ്പിച്ച കഥാപാത്രം ഡോക്ടറുടെ നിര്‍ദേശമില്ലാതെ തുടര്‍ച്ചയായി അരിഷ്ടം കുടിക്കുന്നതും പിന്നീട് ലിവര്‍ സിറോസിസ് വന്ന് മരണപ്പെടുന്നതുമടക്കമുള്ള സന്ദേശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സമൂഹത്തില്‍ യുവതലമുറ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെക്കുറിച്ചും തൊഴിലില്ലായ്മയെ തുടര്‍ന്ന വിദേശത്തേക്ക് ജോലിക്കായി പോകേണ്ടി വരുന്നതിനെക്കുറിച്ചും ചിത്രത്തില്‍ പരാമര്‍ശിച്ചിരുന്നു.

വാഴ 2. Photo: IMDB

ഇത്തരത്തില്‍ ലഹരിക്കെതിരാായ സംഭാഷണങ്ങളിലൂടെ വലിയ കൈയടി നേടിയ കഥാപാത്രമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിച്ച പൊലീസുകാരന്റെത്. യുവാക്കള്‍ക്കിടയില്‍ പിടിമുറുക്കുന്ന രാസലഹരിക്കെതിരായി മികച്ച സന്ദേശമാണ് ചിത്രത്തില്‍ കഥാപാത്രം നല്‍കുന്നത്. കഴിഞ്ഞ ദിവസം ക്യൂ സ്റ്റുഡിയോയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ ഗ്രൗണ്ടുകള്‍ ഇല്ലാത്തതിനെക്കുറിച്ച് സിനിമയില്‍ പരാമര്‍ശിച്ചതിനെക്കുറിച്ച് തിരക്കഥാകൃത്ത് വിപിന്‍ ദാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഒരു കുട്ടി വീടിനുള്ളില്‍ ഉച്ചത്തില്‍ ഒരു പാട്ട് വെച്ചിട്ട് അവന്റെ അച്ഛന്‍ വഴക്ക് പറഞ്ഞാല്‍ അവന്‍ പിന്നെ പാട്ട് വെക്കാന്‍ കഴിയുന്നത് എവിടെയാണോ അങ്ങോട്ടേക്ക് പോകും. അതുപോലെ വീട്ടില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന്‍ ഗ്രൗണ്ടിലേക്ക് പോകും. ഗ്രൗണ്ടില്ലെങ്കില്‍ അവന്‍ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോകും. അവിടെയുമില്ലെങ്കില്‍ എന്ത് ചെയ്യും. കളിക്കേണ്ടെന്ന് തീരുമാനിക്കും.

ഇത്തരത്തില്‍ ഗ്രൗണ്ടില്ലാത്തത് ഒരു കൂട്ടായ്മയുടെ കുറവാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പൂജപ്പുര ഗ്രൗണ്ടില്‍ ഞാന്‍ ഒരു കാലത്ത് കളിക്കാന്‍ പോയിട്ടുണ്ട്. ഇപ്പോഴും തിരുവനന്തപുരത്ത് പോകുമ്പോള്‍ അവിടെ കയറി കളി കാണാറുണ്ട്. പക്ഷേ ഭൂരിഭാഗം ദിവസങ്ങളിലും അവിടെ പാര്‍ട്ടി പരിപാടികളും ഉത്സവങ്ങളുമായിരിക്കും. ഇത്തരത്തില്‍ ബാക്കി എല്ലാ കാര്യത്തിനും ഗ്രൗണ്ടുണ്ട്. പക്ഷേ കളിക്കാന്‍ മാത്രം ഗ്രൗണ്ടില്ല. ഇതെല്ലാം ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. കുട്ടികള്‍ എന്തുകൊണ്ട് ഇത്തരം ഫിസിക്കല്‍ ആക്ടിവിറ്റീസിന്റെ ഭാഗമാകുന്നില്ലെന്ന് അവര്‍ ശ്രദ്ധിക്കണം,’ വിപിന്‍ ദാസ് പറയുന്നു.

വാഴ 2. Photo: IMDB

കളിക്കാന്‍ സൗകര്യമില്ലാത്തത്, ഡ്രഗ്‌സ്, ടീച്ചേഴ്‌സ്, പാരന്റ്‌സ് തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങള്‍ എല്ലാം മനസില്‍ കണ്ടാണ് ചിത്രത്തിലെ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതൊന്നും താനുണ്ടാക്കിയ കാര്യങ്ങളല്ലെന്നും ആരൊക്കെയോ ഉണ്ടാക്കിയ വിഷയങ്ങള്‍ എല്ലാവര്‍ക്കും മനസിലാകുന്ന വിധത്തില്‍ പ്ലേസ് ചെയതിരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Vaazha 2 Writer Vipin Das talks about importance of Play ground

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.