പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നിവിന്‍ പോളി നായകനായ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതമല്ലാത്ത സിനിമാ അനുഭവം സമ്മാനിച്ച അല്‍ഫോണ്‍സ് പൃഥ്വിരാജിനെ നായകനാക്കി ഗോള്‍ഡ് എന്ന ചിത്രവും അണിയിച്ചൊരുക്കിയിരുന്നു. അടുത്തിടെ ഷെയ്ന്‍ നിഗം ചിത്രം ബള്‍ട്ടിയിലൂടെ അഭിനയരംഗത്തും താരം തന്റെ അരങ്ങേറ്റം കുറിച്ചിരുന്നു.
ചിത്രത്തില്‍ ഗാങ്‌സ്റ്ററായെത്തി പ്രേക്ഷകരെ ഞെട്ടിച്ച താരം അടുത്തിടെ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം സര്‍വ്വം മായയിലെ പ്രകടനത്തിലൂടെയും പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. ഏപ്രില്‍ രണ്ടിന് പുറത്തിറങ്ങുന്ന വാഴ 2വിലും അല്‍ഫോണ്‍സ് പ്രധാനവേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പ്രേമം സിനിമയുമായി ബന്ധപ്പെടുത്തി അല്‍ഫോണ്‍സിന്റെ പൊലീസ് കഥാപാത്രം പറയുന്ന ഡയലോഗുകള്‍ക്ക് വലിയ കൈയടിയാണ് ലഭിക്കുന്നത്.
Photo: Screen Grab/ Cue studio/ Youtube.com
ചിത്രത്തില്‍ അല്‍ഫോണ്‍സിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് വാഴയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാഷിര്‍, അലന്‍, അജിന്‍ തുടങ്ങിയവരും ചിത്രം സംവിധാനം ചെയ്ത സവിന്‍ എസ്.എയും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.
സിനിമയില്‍ കേട്ടും കണ്ടും മാത്രമുള്ള പരിചയമായത് കൊണ്ട് അല്‍ഫോണ്‍സിനെ ലൊക്കേഷനില്‍ വെച്ച് കണ്ടപ്പോള്‍ പേടിയായിരുന്നെന്നും തന്നോട് ഇങ്ങോട്ട് വന്ന് സംസാരിച്ച് തന്നെ ഓക്കെ ആക്കുകയായിരുന്നുവെന്നും റീല്‍സിലൂടെ ശ്രദ്ധേയനായ അജിന്‍ ജോയ് പറയുന്നു. സ്‌കൂള്‍ സീനില്‍ അഭിനയിക്കുമ്പോഴായിരുന്നു അദ്ദേഹത്തെ കണ്ടതെന്നും തന്റെ വീഡിയോസ് കണ്ടിട്ടുണ്ടോ എന്നൊന്നും അറിയാത്തതുകൊണ്ട് മിണ്ടാന്‍ പോയില്ലെന്നും അലന്‍ പറഞ്ഞു. എന്നാല്‍ തന്റെ അടുത്തേക്ക് വന്ന് എല്ലാം കാണാറുണ്ടെന്നും നല്ല പരിപാടിയാണെന്നുമെല്ലാം പറഞ്ഞ് ഓക്കെയാക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
വാഴ. Photo: Mathrubhumi English
‘പ്രേമം സിനിമ ഇറങ്ങിയ സമയത്തെ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടുമെല്ലാം ധരിച്ച് ഞാനും അജിനും കോളേജില്‍ പോയിട്ടുണ്ട്. അന്ന് ഒരിക്കലും അതിന്റെ സംവിധായകനോടൊപ്പം ഒരു ചിത്രത്തില്‍ ലീഡ് റോള്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം വന്ന് ഞങ്ങളുടെ വീഡിയോയെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. വളരെ ഹാപ്പിയായിട്ടുള്ള മനുഷ്യനാണ്,’ ഹാഷിര്‍ പറഞ്ഞു.
സംവിധായകനെന്ന നിലയില്‍ അല്‍ഫോണ്‍സിന്റെ വലിയ ആരാധകനാണ് താനന്നും ഇന്‍സ്റ്റഗ്രാമില്‍ മറുപടി ലഭിച്ചിട്ടില്ലെങ്കിലും ഒരുപാട് മെസേജുകള്‍ താന്‍ അയച്ചിട്ടുണ്ടെന്നും സവിന്‍ എസ്.എ. പറഞ്ഞു. അദ്ദേഹം വന്നപ്പോള്‍ ആദ്യം ഒരു ഞെട്ടലെല്ലാം ഉണ്ടായിരുന്നെങ്കിലും നമ്മളെയും വളരെ കൂളാക്കി കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് അല്‍ഫോണ്‍സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Vaazha 2 Team talks about Alphons Puthren
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.