മലയാളത്തില്‍ അധിക ചിത്രങ്ങള്‍ക്കില്ലാത്ത നൂറ്റമ്പത് കോടിയെന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് സവിന്‍ സ സംവിധാനം ചെയ്ത വാഴ 2. മോഹന്‍ലാല്‍ ചിത്രങ്ങളും മറ്റ് വമ്പന്‍ താരങ്ങളുടെ ചിത്രങ്ങളും അരങ്ങ് വാഴുന്ന ക്ലബ്ബിലേക്ക് റീല്‍സിലൂടെ മാത്രം കണ്ട് പരിചിയിച്ച ഹാഷിറിനെയും ടീമിനെയും നായകന്മാരാക്കിയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയതെന്നറിയുമ്പോഴാണ് വാഴ 2വിന്റെ റേഞ്ച് വെളിവാകുന്നത്.
2024ല്‍ പുറത്തിറങ്ങിയ വാഴയുടെ സീക്വലായി പുറത്തിറങ്ങിയ ചിത്രത്തില്‍ മാര്‍ക്കറ്റ് വാല്യൂവുള്ള മുന്‍നിരതാരങ്ങളോ അണിയറപ്രവര്‍ത്തകരോ ഇല്ലാതിരുന്നിട്ടും ക്വാളിറ്റിയില്‍ മികവ് പുലര്‍ത്തിയാണ് ചിത്രം മുന്നേറുന്നത്. റിലീസ് ചെയ്ത ദിവസം തന്നെ 10 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയാണ് വാഴ 2 വരവറിയിച്ചിരുന്നത്. പിന്നാലെ അതിവേഗം 50കോടി ക്ലബിലും ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബിലും ചിത്രം സ്ഥാനം നേടിയിരിക്കുകയാണ്.
മലയാളത്തില്‍ നിന്നും 150 കോടി നേട്ടത്തിലെത്തുന്ന ഒമ്പതാമത്തെ ചിത്രമാണ് വാഴ 2. ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്‌സ്, തുടരും, 2018, ആടുജീവിതം, ആവേശം, സര്‍വ്വം മായ തുടങ്ങിയവയാണ് ഈ ലിസ്റ്റിലുള്ള മറ്റ് ചിത്രങ്ങള്‍. നിലവില്‍ എതിരാളികളില്ലാത്ത വിധം കുതിപ്പ് തുടരുന്ന ചിത്രത്തിന് വിഷുവിന് വരുന്ന ടൊവിനോ ചിത്രം പള്ളിച്ചട്ടമ്പിയെയും പ്രതിരോധിക്കാന്‍ സാധിച്ചാല്‍ 200 കോടിയും കടന്ന് മുന്നേറാന്‍ കഴിയുമെന്നാണ് പലരും വിലയിരുത്തുന്നത്.
വാഴയുടെ ആദ്യഭാഗത്തില്‍ കാമിയോ റോളില്‍ എത്തിയ അഭിനേതാക്കളായിരുന്നു ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങിയവര്‍. തിയേറ്ററുകളില്‍ വലിയ വരവേല്‍പ് കിട്ടിയ ഇവരെ നായകന്മാരാക്കി ചിത്രം ചെയ്യാന്‍ നിര്‍മാതാവ് വിപിന്‍ ദാസ് കാണിച്ച ധൈര്യം നൂറുശതമാനം ശരിവെക്കുന്നതാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് പുറമെ ബിജുക്കുട്ടന്‍, സുധീഷ്, ദേവരാജ്, അജു വര്‍ഗീസ്, വിജയ് ബാബു, അല്‍ഫോണ്‍സ് പുത്രന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.