മോളിവുഡിലെ പുതിയ റെക്കോഡ് ബ്രേക്കറായി മാറിയിരിക്കുകയാണ് വാഴ 2. പുതുമുഖ സംവിധായകനും പുതുമുഖ താരങ്ങളും അണിനിരന്ന ചിത്രം ഇതിനോടകം 100 കോടിയും പിന്നിട്ട് കുതിക്കുകയാണ്. എല്ലാം ഒത്തുവന്നാല്‍ മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറാന്‍ വാഴ 2ന് സാധ്യതയുണ്ടെന്നും പലരും കണക്കുകൂട്ടുന്നുണ്ട്.
വാഴയുടെ ആദ്യഭാഗത്തിന്റെ അതേ ടെംപ്ലേറ്റ് തന്നെയാണ് രണ്ടാം ഭാഗത്തിനും. കേരളത്തിലെ സാധാരണ ചെറുപ്പക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കോമഡിയുടെയും ഇമോഷന്റെയും പശ്ചാത്തലത്തില്‍ അവതരിപ്പിച്ചത് എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ കണക്ടായി. ചിത്രത്തില്‍ സമൂഹത്തിലെ പല പ്രശ്‌നങ്ങളെയും ചിത്രം വരച്ചുകാട്ടുന്നുണ്ട്.
അത്തരത്തിലൊന്നാണ് സ്‌കൂളുകളിലെ സദാചാര അധ്യാപകര്‍. വിദ്യാഭ്യാസ മേഖല എത്ര പുരോഗമിച്ചാലും ഒട്ടും മാറാത്ത ചില അധ്യാപകരെ പച്ചക്ക് വിമര്‍ശിക്കുന്നുണ്ട്. വിജയ് ബാബു അവതരിപ്പിച്ച മുജീബ് സാറും മഞ്ജുശ്രീ നായര്‍ അവതരിപ്പിച്ച ടീച്ചറും അത്തരത്തിലുള്ള അധ്യാപകരുടെ മാതൃകയാണ്. പെണ്‍കുട്ടികളെ ഒബ്ജക്ടിഫൈ ചെയ്തുകൊണ്ടുള്ള ഡയലോഗുകള്‍ ഈ കഥാപാത്രങ്ങള്‍ പറയുന്നുണ്ട്.
അലന്റെ അനിയത്തിയുടെ കഥാപാത്രത്തോട് ‘നീയൊക്കെ ആരെ കാണിക്കാനാണ് ഇങ്ങനെ അണിഞ്ഞൊരുങ്ങി വരുന്നത്, ഇതിന്റെയൊക്കെ ഉദ്ദേശം വേറെയാണ്’ എന്ന ഡയലോഗ് ഒരുതവണയെങ്കിലും നേരിടാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും. പെണ്‍കുട്ടികള്‍ ഒരിക്കലും അണിഞ്ഞൊരുങ്ങരുത്. അവര്‍ക്ക് സ്വന്തം സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ല എന്നൊക്കെയാണ് ചില അധ്യാപകരുടെ ചിന്ത.
ഇത്തരം ഡയലോഗുകള്‍ പല പെണ്‍കുട്ടികളെയും ആജീവനാന്ത ട്രോമ നല്‍കുന്നവയാണെന്ന് ചിന്തിക്കാന്‍ പോലും ഇത്തരം അധ്യാപകര്‍ക്ക് സാധിക്കില്ല. വിജയ് ബാബുവിന്റെ മുജീബ് സാറിന്റെ ഇത്തരം ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് ദേഷ്യം വരുന്നതും ഹാഷിറും അലനും അത് കേട്ട് പ്രതികരിക്കുന്നതും പ്രേക്ഷകര്‍ക്ക് വര്‍ക്കാകുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്.
വിദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ക്ക് പുതിയ പാഠങ്ങളും സിലബസും പഠിപ്പിക്കുമ്പോള്‍ ലോകം മാറുന്നുണ്ടെന്നും സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടെന്നും അധ്യാപകര്‍ ആദ്യം മനസിലാക്കുകയും വേണമെന്ന് പറയാതെ പറയുകയാണ് വാഴ 2 പോലുള്ള സിനിമകള്‍. അധ്യാപകരുടെ ഇത്തരം ഡയലോഗുകള്‍ മാത്രമല്ല, മറ്റ് പല കാര്യങ്ങളെയും ചിത്രം വിമര്‍ശിക്കുന്നുണ്ട്.
സ്‌കൂളില്‍ കുട്ടികള്‍ക്ക് പ്ലേ ഗ്രൗണ്ടിന്റെ പ്രാധാന്യം, പാഠ്യവിഷയങ്ങളെക്കാള്‍ മതത്തിനും പ്രാര്‍ത്ഥനക്കും പ്രാധാന്യം നല്‍കുന്നതിനെ വിമര്‍ശിക്കുന്നത് എന്നിങ്ങനെ പല കാര്യങ്ങളെയും ചിത്രം എടുത്തുപറയുന്നുണ്ട്. ഇതെല്ലാം കൊണ്ടാണ് വാഴ 2 വന്‍ വിജയമായതും.
Content Highlight: Vaazha 2 dialogue about Education system discussing in social media