നൂറുകോടിയെന്ന അപൂര്‍വസംഖ്യ നേടാന്‍ വലിയ താരനിരയുടെയോ താരമൂല്യത്തിന്റെയോ ആവശ്യമില്ലെന്ന് തെളിയിച്ചുകൊണ്ട് മുന്നേറുന്ന ചിത്രമാണ് സവിന്‍ സ സംവിധാനം ചെയ്ത വാഴ 2. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധേയരായ ദേവരാജ്, വിനായക്, ഹാഷിര്‍, അലന്‍, അജിന്‍ തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് നൂറുകോടി നേട്ടം സ്വന്തമാക്കിയത്.
വാഴ 2. Photo: X.com
ഇവര്‍ക്ക് പുറമെ ചിത്രത്തില്‍ പലയിടങ്ങളിലായി ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടവരും കൈയടി വാങ്ങിയിരുന്നു. പുതുമുഖമായ ശ്രീനാഥ് അവതരിപ്പിച്ച കഥാപാത്രം അത്തരത്തിലൊന്നായിരുന്നു. പ്ലംബറായും ഗാര്‍ഡനറായും, ഹെല്‍പ്പറായുമെല്ലാം വേഷമിട്ട് പ്രേക്ഷകരെ ചിരിപ്പിച്ച ശ്രീനാഥ് ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ പ്രധാനവേഷം ചെയ്ത അലന്‍ തന്നെ സഹായിച്ചതിനെക്കുറിച്ചാണ് ശ്രീനാഥ് സംസാരിച്ചത്. തനിക്ക് അഭിനയിച്ച് പരിചയമോ അതിന് പ്രത്യേകമായി പരിശീലനം നടത്തുകയോ ഒന്നും ചെയ്തിട്ടില്ലെന്നും വിളിച്ചപ്പോള്‍ നേരെ പോയി അഭിനയിക്കുകയായിരുന്നുവെന്നും താരം പറയുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്ത് അലനുമായുള്ള സീനില്‍, അലന്‍ ഡയലോഗ് പറഞ്ഞശേഷം താന്‍ ഡയലോഗ് പറയുമ്പോള്‍ ഒരുപാട് തെറ്റുകള്‍ വരുത്തിയിരുന്നു.
ഷൂട്ടിനിടയില്‍ ഒരിടവേള കിട്ടിയപ്പോള്‍ താനുണ്ടായിരുന്ന ടെന്റിലേക്ക് അലന്‍ വന്ന് പറഞ്ഞ് തന്നത് അവന്‍ പറയുന്ന ഡയലോഗിന്റെ അവസാന ഭാഗം എന്നോട് ഓര്‍ത്തുവെക്കാനായിരുന്നുവെന്ന് ശ്രീനാഥ് പറഞ്ഞു. അപ്പോഴാണ് അങ്ങനെയൊരു രീതിയെക്കുറിച്ച് തനിക്ക് മനസിലായതെന്നും ഓപ്പോസിറ്റ് നില്‍ക്കുന്ന ആളുടെ ഡയലോഗ് അറിഞ്ഞിരുന്നാല്‍ അയാള്‍ ഡയലോഗ് നിര്‍ത്തുന്നിടത്ത് തനിക്ക് തുടങ്ങാന്‍ എളുപ്പമാണെന്നും ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു. അത് പുതിയൊരു പാഠമായിരുന്നുവെന്നും തനിക്കത് പറഞ്ഞ് തന്നത് അലനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡള്‍ട്ട് ഫിലിം സ്റ്റാര്‍ ജോണി സിന്‍സുമായി തനിക്കുള്ള സാമ്യം കണ്ടാണ് ചിത്രത്തിന്റെ നിര്‍മാതാവും തിരക്കഥാകൃത്തുമായ വിപിന്‍ ദാസ് വാഴ 2വില്‍ തന്നെ കാസ്റ്റ് ചെയ്തതെന്ന് ശ്രീനാഥ് നേരത്തേ പറഞ്ഞിരുന്നു. ശ്രീനാഥിന് പുറമെ ചിത്രത്തില്‍ വിനായകന്റെ അച്ഛനായി വേഷമിട്ട ബിജുക്കുട്ടന്‍, സുധീഷ് തുടങ്ങിയവരും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: Vaazha 2 Actor Sreenath talks about how Actor Alan helped him in Acting
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.