വൈദികനെ ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദിയുടെ വീഡിയോ; ഇതാണ് ഇന്ന് രാജ്യം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രമെന്ന് വി.ടി. ബല്‍റാം
Kerala
വൈദികനെ ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വവാദിയുടെ വീഡിയോ; ഇതാണ് ഇന്ന് രാജ്യം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രമെന്ന് വി.ടി. ബല്‍റാം
രാഗേന്ദു. പി.ആര്‍
Tuesday, 23rd December 2025, 3:01 pm

പാലക്കാട്: ക്രിസ്ത്യന്‍ പള്ളിയില്‍ കയറി വൈദികനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സംഘപരിവാര്‍ നേതാവിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. ഫാസിസത്തിന് ബന്ധുക്കളില്ലെന്നും ശത്രുക്കള്‍ മാത്രമാണ് ഉള്ളതെന്നും വി.ടി. ബല്‍റാം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

പള്ളിയില്‍ അതിക്രമിച്ചുകയറി വൈദികനെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വ നേതാവിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വി.ടി. ബല്‍റാം പ്രതികരിച്ചത്.

‘അയാളുടെ മുഖത്തെ ക്രൗര്യം നോക്കൂ, വാക്കുകളിലെ വെറുപ്പ് നോക്കൂ, ശരീരഭാഷയിലെ അക്രമോത്സുകത നോക്കൂ… ഇതാണ് ഇന്ന് രാജ്യം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രം. ഇതാണ് ഹിന്ദുത്വ രാഷ്ട്രീയം,’ വി.ടി. ബല്‍റാം പറഞ്ഞു. എന്നാല്‍ ഇന്നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളുടെ സാധാരണ ഗതിയിലുള്ള സ്വഭാവം ഇതല്ലെന്നും വി.ടി. ബല്‍റാം ചൂണ്ടിക്കാട്ടി.

ഹിംസാത്മകതയുടേയും അപരവിദ്വേഷത്തിന്റേയും ഒരു പ്രത്യയശാസ്ത്രം തങ്ങള്‍ക്കുമേല്‍ പിടിമുറുക്കുന്നത് ആദ്യം തിരിച്ചറിയേണ്ടത് ഇവിടുത്തെ ഹിന്ദുക്കള്‍ തന്നെയാണ്. അതിനെ പ്രതിരോധിക്കേണ്ടതും മറ്റാരേക്കാളും അവരുടെ തന്നെ ഉത്തരവാദിത്തമാണെന്നും വി.ടി. ബല്‍റാം പ്രതികരിച്ചു.

ക്രിസ്മസ് കാലത്ത് കേക്കും മാതാവിന് കിരീടവുമായി കടന്നുവരുന്ന ഇവരുടെയൊക്കെ നേതാക്കളെ തിരിച്ചറിയാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിഞ്ഞാല്‍ നന്നായിരിക്കുമെന്നും നിര്‍ദേശമുണ്ട്. ഫാസിസത്തിന്റെ ഊഴപ്പട്ടികയില്‍ ഒന്നാമത്തേതാണോ രണ്ടാമത്തേതാണോ നിങ്ങളുടെ സ്ഥാനം എന്നത് പ്രസക്തമേയല്ലെന്നും വി.ടി. ബല്‍റാം കൂട്ടിച്ചേര്‍ത്തു.

വിശ്വാസികളുടെ സംഗമം നടക്കുന്ന ഹാളിലേക്കാണ് ഹിന്ദുത്വവാദികള്‍ അതിക്രമിച്ച് കയറിയത്. ബൈബിളിനെ അടക്കം അധിക്ഷേപിച്ചുകൊണ്ടായിരുന്നു സംഘപരിവാറിന്റെ കടന്നുകയറ്റം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം ബി.ജെ.പി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ആഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍.

ക്രിസ്മസ് ആഘോഷങ്ങള്‍ ഹിന്ദു വിരുദ്ധമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം. ഉത്തര്‍പ്രദേശില്‍ ക്രിസ്മസിനുള്ള അവധി റദ്ദാക്കുകയാണ് ചെയ്തത്. അന്നേ ദിവസം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം ആഘോഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു.

Content Highlight: V.T. Balram has come out against the Sanghparivar leader for entering a church and threatening a priest

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.