തിരുവനന്തപുരം: 2026-2027 കേരള ബജറ്റിനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി. ശിവന്‍കുട്ടിയുടെ പ്രതികരണം.
കേരളത്തിന്റെ സാമ്പത്തിക നില പരിതാപകരമാണെന്നും ബജറ്റ് പൊളിറ്റിക്കല്‍ ഡോക്യൂമെന്റാക്കിയാണ് അവതരിപ്പിച്ചതെന്നുമായിരുന്നു വി.ഡി. സതീശന്റെ വിമര്‍ശനം. ഈ ബജറ്റ് ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരിക്കുന്നത്.
ബജറ്റ് അവതരണത്തിന് പിന്നാലെ ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്നും സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. ഖജനാവ് കാലിയാണെന്ന് രാപ്പകല്‍ പ്രസംഗിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് മാസാമാസം കൃത്യമായി തന്റെ അലവന്‍സുകള്‍ ഇതേ ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
‘ഖജനാവ് അത്രയ്ക്ക് ശൂന്യമാണെങ്കില്‍ താങ്കള്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങള്‍ എവിടെ നിന്നാണ് വരുന്നത്?,’ എന്നും വി.ഡി. സതീശനോട് മന്ത്രി ചോദിച്ചു.
നാടിന്റെ വികസനത്തിനും പാവപ്പെട്ടവന്റെ ക്ഷേമത്തിനുമായി സര്‍ക്കാര്‍ നീക്കിവെക്കുന്ന ഓരോ രൂപയും കൃത്യമായ ആസൂത്രണത്തോടെയാണ് വിനിയോഗിക്കുന്നത്. പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പോലെ തന്നെ, ഈ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പെന്‍ഷനും മറ്റ് ക്ഷേമ പദ്ധതികളും സര്‍ക്കാര്‍ കൃത്യമായി ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഖജനാവ് കാലിയാണെന്ന് പറയുന്നവര്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബജറ്റിലുള്ളത് വെറും വാക്കുകളല്ല, മറിച്ച് ഈ നാടിന്റെ പുരോഗതിക്കുള്ള കൃത്യമായ റോഡ് മാപ്പാണ്. അത് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. നെഗറ്റീവ് വാര്‍ത്തകള്‍ പടച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണെന്നും മന്ത്രി പ്രതികരിച്ചു.
ക്രിയാത്മകമായ വിമര്‍ശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപറഞ്ഞ് കൊണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ബിരുദ പഠനം സൗജന്യമാക്കിക്കൊണ്ടുള്ള സംസ്ഥാന ബഡ്ജറ്റിനെ പിന്തുണച്ച് നിരവധി ആളുകളാണ് പ്രതികരിക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലക്കായി വലിയ ഒരു വിഹിതവും സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്.