| Saturday, 2nd May 2026, 3:15 pm

പേട്രിയറ്റ് ഡിജിറ്റല്‍ ചതിക്കുഴികള്‍ക്കെതിരായ പാഠപുസ്തകം; പ്രശംസിച്ച് ശിവന്‍കുട്ടി

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: പേട്രിയറ്റ് സിനിമയെ പ്രശംസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഡിജിറ്റല്‍ ചതിക്കുഴികള്‍ക്കെതിരെ ജാഗ്രത, പേട്രിയറ്റ് ഒരു പാഠപുസ്തകമാകുന്നു എന്നാണ് അദ്ദേഹം മമ്മൂട്ടി ചിത്രത്തെ പ്രശംസിച്ച് ഫേസ്ബുക്കിലെഴുതിയത്.

നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെയും ഡിജിറ്റല്‍ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാല്‍ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിലയിരുത്തി.

സാങ്കേതികവിദ്യ വിരല്‍ത്തുമ്പില്‍ ലോകത്തെ എത്തിക്കുമ്പോള്‍, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നല്‍കാന്‍ ഇത്തരം സിനിമകള്‍ക്ക് സാധിക്കും.

പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റല്‍ മാഫിയകള്‍ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണ്. കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന ഇത്തരം ക്രിമിനല്‍ ശൃംഖലകളെ തുറന്നുകാട്ടാന്‍ ഈ ചിത്രത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴില്‍ വകുപ്പ് വഴിയും നാം ഉയര്‍ത്തിപ്പിടിക്കുന്ന സൈബര്‍ സുരക്ഷാ അവബോധത്തിന് ഒരു വലിയ കരുത്താണ് ഈ സിനിമയെന്നും യുവാക്കളും വിദ്യാര്‍ത്ഥികളും പ്രത്യേകം കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും മന്ത്രി പറഞ്ഞു.

ചിത്രത്തിന് എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

വി. ശിവന്‍കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഡിജിറ്റല്‍ ചതിക്കുഴികള്‍ക്കെതിരെ ജാഗ്രത; ‘പേട്രിയറ്റ്’ ഒരു പാഠപുസ്തകമാകുന്നു.

മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രം ‘പേട്രിയറ്റ്’ കാണുകയുണ്ടായി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെയും ഡിജിറ്റല്‍ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാല്‍ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു.

സാങ്കേതികവിദ്യ വിരല്‍ത്തുമ്പില്‍ ലോകത്തെ എത്തിക്കുമ്പോള്‍, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നല്‍കാന്‍ ഇത്തരം സിനിമകള്‍ക്ക് സാധിക്കും. പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റല്‍ മാഫിയകള്‍ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണ്. കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന ഇത്തരം ക്രിമിനല്‍ ശൃംഖലകളെ തുറന്നുകാട്ടാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴില്‍ വകുപ്പ് വഴിയും നാം ഉയര്‍ത്തിപ്പിടിക്കുന്ന സൈബര്‍ സുരക്ഷാ അവബോധത്തിന് ഒരു വലിയ കരുത്താണ് ഈ സിനിമ. യുവാക്കളും വിദ്യാര്‍ത്ഥികളും പ്രത്യേകം കണ്ടിരിക്കേണ്ട ഒന്നാണിത്. ഒരു വലിയ ക്യാന്‍വാസില്‍, ഗൗരവമേറിയ വിഷയം വിട്ടുവീഴ്ചകളില്ലാതെ അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

ഒന്നര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ, കുഞ്ചാക്കോ ബോബന്‍,ഫഹദ് ഫാസില്‍,നയന്‍താര,രേവതി, ദര്‍ശന രാജേന്ദ്രന്‍, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമ, ആന്റോ ജോസഫിന്റെ മുന്‍കൈയ്യില്‍ രൂപപ്പെട്ട ഒരു മഹേഷ് നാരായണന്‍ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഉള്ള സിനിമയാണിത്.

സിനിമയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും വിജയാശംസകള്‍ നേരുന്നു.

കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമെന്നിക്കുന്ന മാസ് മസാല സിനിമ എന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചെങ്കിലും വളരെ ശക്തമായൊരു പ്രമേയം ഗംഭീര ടെക്‌നിക്കല്‍ ക്വാളിറ്റിയില്‍ അണിയിച്ചൊരുക്കാന്‍ സംവിധായകന്‍ മഹേഷ് നാരായണന് സാധിച്ചിട്ടുണ്ട്.

Content Highlight: V Sivankutty praises Patriot movie

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more