ന്യൂദല്‍ഹി: രാജ്യത്ത് നീറ്റ് അടക്കമുള്ള പരീക്ഷകള്‍ സംഘടിപ്പിക്കുന്ന ഏജന്‍സിയായ എന്‍.ടി.എയില്‍ ഒരു സ്ഥിരം ജീവനക്കാരെയും നിയമിക്കാത്തത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ.എം നേതാവും രാജ്യസഭാ എം.പിയുമായ വി. ശിവദാസന്‍. വാര്‍ത്താക്കുറിപ്പിലായിരുന്നു എം.പിയുടെ പ്രതികരണം.
എന്‍.ടി.എയില്‍ ഒരു സ്ഥിരം ജീവനക്കാരനേയും നിയമിച്ചിട്ടില്ലെന്ന് രാജ്യസഭയില്‍ ഡോ. വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാര്‍ മറുപടി നല്‍കിയതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എന്‍.ടി.എയുടെ കെടുകാര്യസ്ഥതയുടെ പൂര്‍ണ ഉത്തരവാദിത്വം രാജ്യത്തെ സര്‍ക്കാരിനാണ്. മുഖ്യ ഉത്തരവാദിയായ യൂണിയന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നും എന്‍.ടി.എ പിരിച്ചു വിടണമെന്നും വി ശിവദാസന്‍ ആവശ്യപ്പെട്ടു.
കോടികണക്കിന് വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തിപ്പിനുള്ള കേന്ദ്രീകൃത ഏജന്‍സിയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെന്ന് മന്ത്രി മറുപടി നല്‍കി. നിലവില്‍ കേവലം ഇരുപത്തിനാല് ജീവനക്കാര്‍ മാത്രമാണ് ജോലിക്കാരായുള്ളത്. അവര്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ നിയമിക്കപ്പെട്ടവരാണെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നതായി എം.പി അറിയിച്ചു.
എന്‍ടിഎയില്‍ ഡെപ്യൂട്ടേഷനില്‍ തന്നെ 39 ജീവനക്കാരുടെ പോസ്റ്റുകളുണ്ട് എന്നാല്‍ അതില്‍ പതിനഞ്ചെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കി പോസ്റ്റുകളില്‍ മാത്രമാണ് ഡെപ്യൂട്ടേഷന്‍ വഴി നിയമിച്ചിട്ടുള്ളത്. അതിന് പുറമെ പുറംകരാറുവഴിയാണ് 73 പേരെ നിയമിച്ചിട്ടുള്ളതെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിചേര്‍ത്തെന്നും പ്രസ്താവനയില്‍ പറയുന്നു.
2018 മുതല്‍ 270 പരീക്ഷകള്‍ എന്‍ടിഎ നടത്തിയിട്ടുണ്ട്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണമായി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത് 6.6 കോടിയെന്നാണ്. ഈ വര്‍ഷം (2026ല്‍) ഇതു വരെ നടന്ന പരീക്ഷകളില്‍ മാത്രം 65 ലക്ഷം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞതായി എം.പി അറിയിച്ചു.
രാജ്യത്തെ പരീക്ഷ സംവിധാനങ്ങള്‍ പൂര്‍ണമായും കേന്ദ്രീകരിക്കുകയും ആര്‍.എസ്.എസ് – ബി.ജെ.പി നയത്തിനനുസൃതമാക്കി മാറ്റാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘സ്വാശ്രയ സെല്‍ഫ് ഫിനാന്‍സിങ് സ്വയംഭരണ സ്ഥാപനമെന്നാണ് എന്‍.ടി.എയെ വിശേഷിപ്പിച്ചിട്ടുള്ളത്. അതിനര്‍ത്ഥം ജീവനക്കാരെ നിയമിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമെല്ലാം അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ്. എന്നാല്‍ അത്തരമൊരു സ്ഥാപനത്തില്‍ കേവലം പതിനെട്ട് സ്ഥിരം ജീവനക്കാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. അതാകട്ടെ സര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ അനുവദിച്ചവര്‍ മാത്രമാണ്,’ വി. ശിവദാസന്‍ പറഞ്ഞു.
സ്ഥാപന നടത്തിപ്പിനായി ഉത്തരവാദപ്പെട്ടവരെരെന്നോ അവരുടെ സ്വയം ഭരണം എങ്ങനെയാണ് നിര്‍വ്വഹിക്കുന്നതെന്നോ മന്ത്രി വിശദീകരിച്ചില്ല. നീറ്റ് മുതല്‍ നെറ്റ് വരെയുള്ള പരീക്ഷകള്‍ താറുമാറാക്കിയത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇതുവരെ എത്ര തവണ പുനഃപരീക്ഷ നടത്തേണ്ടി വന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. ഈ കാലയളവില്‍ എത്ര പുനഃപരീക്ഷകള്‍ നടത്തി എന്നതിന്റെ കണക്കുകള്‍ മറച്ച് പിടിക്കുകയാണ് ചെയ്തത്. എന്‍.ടി.എ തുടങ്ങിയത് മുതല്‍ നൂറോളം പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായും അമ്പതോളം തവണ പുനഃപരീക്ഷ നടത്തിയതായുമുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പൊതുമണ്ഡലത്തില്‍ നില നില്‍ക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ മറച്ചു പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഉയര്‍ന്ന് വന്ന പ്രധാനപ്പെട്ട ആരോപണമാണ് പരീക്ഷകള്‍ക്കായി സാധാരണ വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിതമായ ഫീസ് ഈടാക്കുന്നു എന്നത്. ഇതിനെ ശരിവെക്കും വിധത്തിലാണ് എന്‍.ടി.എയുടെ വരുമാനക്കണക്ക് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നതെന്നും എം.പി പറഞ്ഞു.
പരീക്ഷകളില്‍ രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ എത്ര രൂപ സമാഹരിച്ചു എന്ന ചോദ്യത്തിന് 2018-19ല്‍ 5,04,16,04,176 രൂപയുടെ വരുമാനമുണ്ടാക്കിയ എന്‍.ടി.എ 2023-24ല്‍ 11,16,84,39,078രൂപയുടെ വരുമാനമുണ്ടാക്കിയതായാണ് കേന്ദ്ര സര്‍കാര്‍ വ്യക്തമാക്കിയത്. അതായത്, 5 വര്‍ഷം കൊണ്ട് വരുമാനം ഇരട്ടിപ്പിക്കുന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അതിനുശേഷമുള്ള രണ്ട് വര്‍ഷത്തെ (2024-25, 2025-26) വര്‍ഷങ്ങളിലെ വരുമാനത്തിന്റെ കണക്ക് വെളിപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും എം.പി ചൂണ്ടിക്കാട്ടി.
Content Highlight: V Sivadasan MP about Irregularities in NTA
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.