ലോകത്തോട് കലഹിച്ചും സ്നേഹിച്ചും ജീവിതത്തെ തോല്‍പ്പിച്ച് രമേശേട്ടനെ ഇനി മരണം കൊണ്ടുപോകട്ടെ; പഴവിള രമേശിനെ അനുസ്മരിച്ച് വി.ആര്‍ സുധീഷ്
Obituary
ലോകത്തോട് കലഹിച്ചും സ്നേഹിച്ചും ജീവിതത്തെ തോല്‍പ്പിച്ച് രമേശേട്ടനെ ഇനി മരണം കൊണ്ടുപോകട്ടെ; പഴവിള രമേശിനെ അനുസ്മരിച്ച് വി.ആര്‍ സുധീഷ്
വി.ആര്‍ സുധീഷ്
Thursday, 13th June 2019, 11:18 pm

ധിക്കാരിയായിരുന്നു പഴവിള രമേശന്‍. അദ്ദേഹത്തിന്റെ ഓര്‍മകളുടെ വര്‍ത്തമാനത്തില്‍ ക്ഷോഭവും വീറും കലഹവും നിറഞ്ഞിരുന്നു. വെട്ടിത്തുറന്നുള്ള പറച്ചിലാണത്. കാപട്യമില്ലാത്ത പച്ചമനുഷ്യന്റെ ചങ്കൂറ്റത്തോടെയുള്ള പ്രതികരണങ്ങള്‍ ജീവിതാവസാനം വരെ തുടര്‍ന്നു. മൂന്നു പതിറ്റാണ്ട് മുമ്പുള്ള അടുപ്പമാണ് എനിക്ക്.

പനവിള ജംഗ്ഷനിലെ വീട്ടില്‍ ചെന്നു കയറിയാല്‍ നമ്മള്‍ കോവണി ഇറങ്ങുന്നത് താഴേക്കാണ്. ഭൂഗര്‍ഭത്തിലാണ് അടുക്കളയും മറ്റു മുറികളും. എന്തിലും ഏതിലും വേറിട്ട ഒരു പ്രകൃതമായിരുന്നു അദ്ദേഹം. നേരെ വാ നേരെ പോ എന്ന മട്ട്. ഉശിരുള്ള ധീരന്റെ ചടുലമായ നേരിടലുകള്‍. എന്നെ ആകര്‍ഷിച്ചത് അതാണ്. സവിശേഷമായ പേനകളുടെ ഒരു വലിയ ശേഖരം കയ്യിലുണ്ട്. പല രാജ്യങ്ങളില്‍ നിന്നുള്ളവ. കീശയില്‍ കുത്തിവെച്ച പേന കാണിച്ചു പറയും. ഇതിനു രണ്ടു ലക്ഷം രൂപ വരും. ഒരുപേന ഒരിക്കല്‍ എനിക്ക് തന്നു. അതിനു വില നാല്‍പ്പതിനായിരം.

1950 കളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ കാലത്ത് അദ്ദേഹം ഹോട്ടല്‍ മുറിയില്‍ താമസിച്ചാണ് പഠിച്ചത്. ഇന്നത്തെ രണ്ടായിരം രൂപവരെയുള്ള ഡീലക്സ് റൂമില്‍! പഴവിള കുടുംബം സമ്പന്നമായിരുന്നു. അതിന്റെ തലയെടുപ്പായിരുന്നില്ല രമേശേട്ടന്റേത്. അദ്ദേഹം സഹവസിച്ചത് കെ. ബാലകൃഷ്ണന്റെ കൂടെയായിരുന്നു. കൗമുദി വാരികയില്‍ സഹ പത്രാധിപരായിരുന്നു.

 

കെ. ബാലകൃഷ്ണന്റെ ധിഷണയുടെയും വ്യക്തിത്വത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ദീപ്തിയില്‍ ജ്വലിച്ചവനാണ് പഴവിള. രാമുകാര്യാട്ടും പട്ടത്തുവിളയും കാമ്പിശ്ശേരി കരുണാകരനും വയലാറും തൊട്ട് ഇങ്ങേയറ്റത്തെ യുവ കവിവരെ പഴവിളയുടെ സൗഹൃദത്തെ ആഴത്തില്‍തൊട്ടു. രമേശന്റെ ഓര്‍മ്മകള്‍ കേട്ടിരിക്കുക കൗതുകകരമായ അനുഭവമാണ്. പഴവിള പറയുന്നു.

’69ല്‍ ഒരുദിവസം രാത്രി പത്തുമണിയായിക്കാണും ഞാന്‍ ചില സുഹൃത്തുക്കളുമായി സല്ലപിച്ചിരിക്കുകയാണ്. ആരോ പുറത്ത് എന്നെ കാത്തിരിക്കുന്നതായി കേശവപ്പിള്ള വന്നു അറിയിച്ചു. കയറിവരാന്‍ പറ എന്ന് ഞാന്‍ പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞിട്ടും ആളെ കാണുന്നില്ല. കേശവപ്പിള്ളയേയും, ഞാന്‍ പുറത്തേക്കു ചെന്നപ്പോള്‍ കേശവപ്പിള്ളയുമായി ഒരു ചെറുപ്പക്കാരന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.

ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി. ക്ഷീണിതനാണ്. കയ്യിലിരുന്ന കുറിപ്പ് അയാള്‍ എനിക്ക് നേരെ നീട്ടി. കുറിപ്പ് പട്ടത്തുവിളയുടെതാണ്.

എടാ
ഞാന്‍
പൊടിയന്‍
ഇനീഷ്യലോടെ പട്ടത്തുവിളയുടെ ഒപ്പ്മാത്രം

ഞാന്‍ ചെറുപ്പക്കാരനോട് ചോദിച്ചു.
‘എന്താ പേര്?’
‘വര്‍ഗീസ്’
‘എന്തുവേണം’
‘ഇരുപതു രൂപ’
ഞാന്‍ രൂപ കൊടുത്തിട്ട് ചോദിച്ചു
‘കോഴിക്കോട് പോകാനാണോ?’
‘അല്ല.രണ്ടു ദിവസം കഴിഞ്ഞേ പോകൂ..
അയാള്‍ പോയി. അയാള്‍ക്ക് എന്തോ പ്രത്യേകത ഉള്ളതായി എനിക്ക് തോന്നി.

രണ്ട് മൂന്നു ആഴ്ച കഴിഞ്ഞ് എനിക്ക് പൊടിയന്റെ ഫോണ്‍ വന്നു. മസ്‌ക്കറ്റ് ഹോട്ടലിലുണ്ടെന്നു പറഞ്ഞു. ഞാന്‍ ഉടനെ ഹോട്ടലിലെത്തി. ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ വന്ന് ഞാന്‍ ആ ചെറുപ്പക്കാരനെക്കുറിച്ച് ചോദിച്ചു. ഒന്നു നിശബ്ദനായി പട്ടത്തുവിള പറഞ്ഞു.

‘നീ പേടിക്കരുത്, നിനക്ക് പേടിയില്ലെന്നറിയാം…അതാണ് അയാളെ നിന്റടുത്ത് അയച്ചത്..പൊലീസ് തലക്കു വില പറഞ്ഞിരിക്കുന്ന പുള്ളിയാ.. നക്സലേറ്റ് വര്‍ഗീസ്.. മിടുക്കനാണ്. തലപോയാലും ആരെയും ശല്യപ്പെടുത്തില്ല. ബലിയാടാക്കില്ല. ബുദ്ധന്റെ ശരിയായ അവതാരം..’

അങ്ങനെ എത്രയെത്ര കഥകള്‍

 

സിനിമയ്ക്ക് പാട്ടെഴുതാന്‍ ഞാന്‍ പണ്ടൊക്കെ നിര്‍ബന്ധിക്കും.

‘മാളൂട്ടിയിലെ സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും, മൗനത്തില്‍ ഇടനാഴിയില്‍, അങ്കിള്‍ ബണ്ണിലെ ‘ഇടയരാഗരണമദുഖം’ തുടങ്ങിയ മനോഹരമായ പാട്ടുകള്‍ എഴുതിയ ആളാണ്. പാട്ടെഴുത്ത് എന്തോ മൂന്നാംകിട പ്രക്രിയയാണെന്ന് മൂപ്പര്‍ സ്വയമങ്ങ് വിചാരിച്ച് പ്രഭാഷണം നടത്തുമ്പോള്‍ ഞാന്‍ കയര്‍ക്കും, കലഹിക്കും. കുറേകാലത്തിനു ശേഷം പഴവിള പശ്ചാത്തപിച്ചു. കൂടുതല്‍ പാട്ടെഴുതാന്‍ കഴിയാതെ പോയതിലുള്ള ദുഖം എന്നോട് നേരിട്ട് പറഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന്റെ സിനിമാ സൗഹൃദങ്ങളൊക്കെ മണ്ണടിഞ്ഞിരുന്നു.

കവിതയും ലേഖനങ്ങളും ഓര്‍മകളും പാട്ടുകളുമൊക്കെയായി പഴവിള ധാരാളമായി എഴുതി. പ്രമേഹരോഗം മൂര്‍ച്ചിച്ച് ഒരു കാല്‍ മുറിച്ച് വായിച്ചും എഴുതിയും വര്‍ത്തമാനം പറഞ്ഞും ശയ്യയില്‍ ഉന്നത ശീര്‍ഷനായി ലോകത്തോട് കലഹിച്ചും സ്നേഹിച്ചും ജീവിതത്തെ തോല്‍പ്പിച്ച് രമേശേട്ടനെ ഇനി മരണം കൊണ്ടുപോകട്ടെ.

 

 

വി.ആര്‍ സുധീഷ്
മലയാളത്തിലെ ചെറുകഥാകൃത്തും നിരൂപകനുമാണ് വി.ആര്‍.സുധീഷ്