| Monday, 27th January 2025, 2:51 pm

മോഹൻലാലിനോട് പിടിച്ചുനിൽക്കാൻ ആ നടനാവുമോയെന്ന് ചില ലാൽ ഫാൻസ് എന്നോട് ചോദിച്ചിരുന്നു: വി.എം.വിനു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി വി.എം വിനു സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാലേട്ടന്‍. അത്താണിപ്പറമ്പില്‍ ബാലചന്ദ്രന്‍ എന്ന ബാലേട്ടനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം വന്‍ വിജയമായിരുന്നു.

തിയേറ്ററുകളില്‍ 200 ദിവസത്തിലധികം ഓടിയ ബാലേട്ടന്‍ ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രമായിരുന്നു. മോഹന്‍ലാലിന് പുറമെ ദേവയാനി, നെടുമുടി വേണു, ഹരിശ്രീ അശോകന്‍, റിയാസ് ഖാന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇതില്‍ ഭദ്രന്‍ എന്ന വില്ലന്‍ വേഷത്തില്‍ ആയിരുന്നു റിയാസ് ഖാന്‍ എത്തിയത്.

മോഹൻലാലിനോട് റിയാസ് ഖാൻ പിടിച്ച് നിൽക്കുമോയെന്ന് ചില മോഹൻലാൽ ഫാൻസിന് സംശയം ഉണ്ടായിരുന്നുവെന്നും വില്ലനെ മാറ്റണോയെന്ന് ചിലർ ചോദിച്ചിരുന്നുവെന്നും സംവിധായകൻ വി.എം.വിനു പറയുന്നു. എന്നാൽ ഷൂട്ട് ചെയ്യുമ്പോൾ അത് ഓക്കെയാക്കാമെന്നാണ് മറുപടി നൽകിയതെന്നും ഷോബി തിലകനാണ് റിയാസിന് ഡബ്ബ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഡബ്ബിങ്ങിന് ശേഷം റിയാസിന്റെ സീനുകൾ കണ്ടപ്പോൾ നന്നായിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞെന്നും പിന്നീട് സിനിമ തമിഴിലേക്ക് റീമേക്കിന് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ബാലേട്ടനിൽ നായകനൊപ്പം ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് റിയാസ് ഖാൻ അവതരിപ്പിച്ച ഭദ്രൻ. മസിൽമാനാണെങ്കിലും കാഴ്‌ചയിൽ വലിയ സൈസ് ഇല്ലാത്ത നടനാണ് റിയാസ് ഖാൻ. മോഹൻലാലിനോട് പിടിച്ചുനിൽക്കാൻ റിയാസ്ഖാന് കഴിയുമോ എന്ന് ഷൂട്ടിനിടയിൽ സെറ്റിലെത്തിയ ലാൽ ഫാൻസ് എന്നോട് സംശയം ചോദിച്ചു. വില്ലനെ മാറ്റിയാൽ നന്നാകുമെന്ന് അവർ പറഞ്ഞു. ഞാനത് ഷൂട്ട് ചെയ്ത‌ത്. പൊലിപ്പിക്കാമെന്ന് അവർക്ക് ഉറപ്പുകൊടുത്തു.

റിയാസ്ഖാനാണെങ്കിൽ ലാലിന്റെ മുന്നിൽ നിൽക്കാൻപോലും പേടി. ‘പോടാ ബാലേട്ടാ’ എന്ന് ലാലിൻ്റെ നേരേ നോക്കി റിയാസ് പറയുന്ന സീൻ 15 ടേക്ക് എടുക്കേണ്ടി വന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ റിയാസ്ഖാന് ആര് ഡബ്ബ് ചെയ്യും എന്നതായി ചർച്ച. ഒടുവിൽ ഷമ്മി തിലകനാണ് ഷോബിയുടെ കാര്യം പറഞ്ഞത്. അങ്ങനെ ഷോബി വന്ന് റിയാസ്ഖാന് ശബ്ദ ഗാംഭിര്യത്തോടെ ഡബ്ബ് ‌ചെയ്‌തു. അത് കഴിഞ്ഞാണ് ലാൽ ഡബ്ബ് ചെയ്യാനെത്തിയത്.

റിയാസ്ഖാന്റെ സീൻ കണ്ട്, ഗംഭീരമായെന്ന് മോഹൻലാലും പറഞ്ഞു. ബാലേട്ടൻ സൂപ്പർഹിറ്റായതോടെ അതിന്റെ തമിഴ് റീമേക്കിനായി ഒസ്‌കാർ ഫിലിംസിന്റെ രവിചന്ദ്രൻ എന്നെ സമീപിച്ചു. കാർത്തിക്കിനെ നായകനാക്കി ചിത്രം തമിഴിൽ ഒരുക്കാനായിരുന്നു പ്ലാൻ. ഞാൻ തമിഴ് എൻട്രിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. അതിനിടയിൽ മണിസാറിന് ചിത്രം തമിഴിൽ റീമേക്ക് ചെയ്‌താലോ എന്ന ചിന്ത വന്നു. അങ്ങനെ ഒസ്‌കാർ ടീം പിന്മാറി. ഒടുവിൽ പല കാരണങ്ങൾകൊണ്ടും രണ്ട് പ്രൊജെക്ടും നടക്കാതെ പോയി,’വി.എം.വിനു പറയുന്നു.

Content Highlight: v.m.vinu About Balettan Movie And Riyas Khan

We use cookies to give you the best possible experience. Learn more