| Friday, 28th November 2025, 10:02 am

ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ? ചോദ്യത്തിന് മറുപടിയില്ലാതെ വി.കെ. ശ്രീകണ്ഠന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ലൈംഗികാരോപണ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളാതെ വി.കെ. ശ്രീകണ്ഠന്‍ എം.പി. രാഹുലിനെതിരായ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയ അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനും അദ്ദേഹം തയ്യാറായില്ല. കാര്യങ്ങള്‍ നിയമപരമായി മുമ്പോട്ട് പോകട്ടെ എന്നാണ് ശ്രീകണ്ഠന്‍ പറഞ്ഞത്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിപാടികളിലൊന്നും സസ്പെന്‍ഷന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം താത്പര്യപ്രകാരമാണെന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞു.

ഇതിനിടെ യുവതിയുടെ പരാതിയുടെ പിന്നാലെ കാണാതായ രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്ന ചോദ്യത്തിന് ‘അദ്ദേഹത്തിന്റെ പി.എ അല്ല ഞാന്‍ എന്ന മറുപടി’യാണ് വി.കെ. ശ്രീകണ്ഠന്‍ നല്‍കിയത്.

യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നേരത്തെ പരാതി നല്‍കാതിരുന്ന യുവതി ഇപ്പോള്‍ പരാതി നല്‍കാന്‍ കാരണം തെരഞ്ഞെടുപ്പാണെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഏതെങ്കിലും കള്ളക്കേസ് ഉണ്ടാക്കിയെടുക്കുക എന്നതാണ് എല്‍.ഡി.എഫിന്റെ രീതിയെന്നും യു.ഡി.എഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും പരാതി നല്‍കിയ യുവതിയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചത്.

അതേസമയം, യുവതിയുടെ പരാതിക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്.

വലിയമല പൊലീസാണ് കേസെടുത്തിരിക്കുന്നത്. ശേഷം നേമം പൊലീസിന് കേസ് കൈമാറി. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.

ലൈംഗികപീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വധഭീഷണി, വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനം തുടങ്ങിയ ആരോപണങ്ങളായിരുന്നു യുവതിയുടെ പരാതിയിലുണ്ടായിരുന്നത്. നിലവില്‍ ഗര്‍ഭഛിദ്രത്തിനാണ് പ്രധാനമായും കേസെടുത്തത്.

പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: V.K. Sreekandan MP does not reject Rahul Mamkootatil, who is accused in the sexual assault case

We use cookies to give you the best possible experience. Learn more