ഇങ്ങോട്ട് വര്‍ഗീയത പഠിപ്പിക്കാന്‍ വരേണ്ട; ജമാഅത്ത് പിന്തുണയില്‍ സി.പി.ഐ.എമ്മിന്റേത് ഇരട്ടത്താപ്പെന്ന് വി.ഡി. സതീശന്‍
Kerala
ഇങ്ങോട്ട് വര്‍ഗീയത പഠിപ്പിക്കാന്‍ വരേണ്ട; ജമാഅത്ത് പിന്തുണയില്‍ സി.പി.ഐ.എമ്മിന്റേത് ഇരട്ടത്താപ്പെന്ന് വി.ഡി. സതീശന്‍
യെലന കെ.വി
Saturday, 7th February 2026, 1:24 pm

കാസര്‍ഗോഡ്: ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ച സാഹചര്യത്തില്‍ അവരുടെ പിന്തുണ സ്വീകരിക്കുന്നതില്‍ യു.ഡി.എഫിന് തടസമില്ലെന്നും ഇക്കാര്യത്തില്‍ തങ്ങളെ വര്‍ഗീയത പഠിപ്പിക്കാന്‍ സി.പി.ഐ.എം വരണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

യു.ഡി.എഫിന്റെ പുതുയുഗ യാത്രയുടെ ഭാഗമായി കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ  ഇസ്‌ലാമി യെ വര്‍ഗീയ സംഘടനയായി ചിത്രീകരിക്കുന്ന സി.പി.ഐ.എം നിലപാട് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

‘കഴിഞ്ഞ 42 വര്‍ഷത്തോളം ജമാഅത്തെ ഇസ്‌ലാമി സി.പി.ഐ എമ്മിനെയാണ് പിന്തുണച്ചിരുന്നത്. അക്കാലത്തെല്ലാം അവര്‍ സി.പി.ഐ.എമ്മിന് മതേതര സംഘടനയായിരുന്നു. എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ അവരെ വര്‍ഗീയവാദികളായി മുദ്രകുത്തുന്നത് രാഷ്ട്രീയമായ ഇരട്ടത്താപ്പാണ്.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുമ്പ് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെയാണ് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി ഈ സംഘടനയെ ന്യായീകരിച്ച് സംസാരിക്കുന്ന വീഡിയോ ക്ലിപ്പുകളും ദേശാഭിമാനിയുടെ എഡിറ്റോറിയലുകളും ഇതിന് വ്യക്തമായ തെളിവുകളാണ്,’വി.ഡി സതീശന്‍ പറഞ്ഞു.

മുസ്‌ലിം ലീഗിനെതിരെയുള്ള ആരോപണങ്ങളെയും സതീശന്‍ ശക്തമായി തള്ളിക്കളഞ്ഞു.മുസ്‌ലിം ലീഗ് ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടിലെന്നും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളം കത്തിയെരിയാതിരുന്നത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സംയമനത്തോടെയുള്ള ഇടപെടപെടല്‍ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗില്‍ തീവ്രവാദം പോരാ എന്ന് പറഞ്ഞ് പുറത്തുപോയവരെ കൂടെക്കൂട്ടിയാണ് സി.പി.ഐ.എം ഇപ്പോള്‍ യു.ഡി.എഫിനെ വര്‍ഗീയത പഠിപ്പിക്കാന്‍ വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

Content Highlight-: V.D  Satheeshan agianst on c.p.i.m on Jamaat-e-Islami

 

 

 

 

 

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.