തെറ്റ് ചെയ്‌തെങ്കില്‍ കെ.എസ്.യുവിനെതിരെ നടപടിയെടുക്കും; പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കില്ല: വി.ഡി. സതീശന്‍
Kerala
തെറ്റ് ചെയ്‌തെങ്കില്‍ കെ.എസ്.യുവിനെതിരെ നടപടിയെടുക്കും; പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കില്ല: വി.ഡി. സതീശന്‍
രാഗേന്ദു. പി.ആര്‍
Wednesday, 25th February 2026, 5:40 pm

അരൂർ: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ കെ.എസ്.യു പ്രതിഷേധത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.എസ്.യു പ്രതിഷേധം നടത്തിയെന്നത് ശരിയാണ്, എന്നാല്‍ ഒരാള്‍ പോലും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

കെ.എസ്.യു പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. തീര്‍ച്ചയായും വിഷയം പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

എന്നാല്‍ 35ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിലേക്കാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കടന്നുചെന്നത്. ഇതിനിടെ വീണ ജോർജ് പ്രവത്തകർക്ക് നേരെ ആക്രോശിച്ച് എത്തുകയായിരുന്നു.

മൂന്നോ നാലോ പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ പോലും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല. അങ്ങനെയൊരു ദൃശ്യവും ഇതുവരെ ലഭിച്ചിട്ടില്ല. മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളും അത് തന്നെയാണ് വ്യക്തമാക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പ്രതിഷേധങ്ങള്‍ ഇനിയുമുണ്ടാകും. പക്ഷെ അക്രമം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. അന്വേഷണം ഉണ്ടാകും. ആക്രമണമുണ്ടായിട്ടുണ്ടെങ്കില്‍ തങ്ങള്‍ അതിനെ അപലപിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

തനിക്കെതിരെ പ്രതിഷേധിക്കാമെന്നും കാരണം, താനാണല്ലോ കേരളം ഭരിക്കുന്നതെന്നും ആരോഗ്യമേഖലയെ ഈ സ്ഥിതിയില്‍ എത്തിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ എന്ത് സംഭവിച്ചാലും അതിന് പിന്നില്‍ വി.ഡി. സതീശനാണെന്നാണ് പറയുന്നത്. തന്റെ പി.ആര്‍ ഇപ്പോള്‍ ഇടതുപക്ഷമാണ് ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു.

അതേസമയം കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ തുടങ്ങിയവര്‍ മന്ത്രിയെ സന്ദര്‍ശിച്ചു.

വീണ ജോര്‍ജിനെതിരെ നടന്നത് പ്രതിപക്ഷ നേതാവിന്റെ അറിവോട് കൂടിയ അക്രമണമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി, സി.പി.ഐ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ പ്രതികരിച്ചിരുന്നു.

‘ഒരു കാര്യം ഓര്‍ക്കണം, ഞങ്ങള്‍ ഇതുപോലെ പ്രതികരിച്ചാല്‍ നിങ്ങള്‍ക്കത് താങ്ങില്ല,’ വി. ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

‘മന്ത്രി വീണാ ജോര്‍ജിന് നേരെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു. ആക്രമണം തുടര്‍ന്നാല്‍ ഒരു കോണ്‍ഗ്രസ് നേതാവും റോഡില്‍ ഇറങ്ങില്ല,’ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.

Content Highlight: V.D. Satheesan responds to KSU protest against Veena George

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.