ഡെറാഡൂണ്‍: 2027ല്‍ നടക്കാനിരിക്കുന്ന ‘അര്‍ധ കുംഭമേള’യ്ക്ക് മുന്നോടിയായി അഹിന്ദുക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഹരിദ്വാറിലെ ഗംഗാ ഘട്ടുകളിലേക്കുള്ള അഹിന്ദുക്കളുടെ പ്രവേശനം നിയന്ത്രിക്കാനാണ് ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഹരിദ്വാറിലെ 120 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഏകദേശം 105 ഘട്ടുകളില്‍ നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമീപകാലത്ത് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നടത്തിയ പ്രസ്താവനകള്‍ ഈ റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നതാണെന്നും വിലയിരുത്തലുണ്ട്. ഹരിദ്വാര്‍ ഒരു പുണ്യനഗരമാണെന്നും അതിന്റെ ആത്മീയ പവിത്രത ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നുമാണ് ധാമി പറഞ്ഞത്.
1916ല്‍ മദന്‍ മോഹന്‍ മാളവ്യയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഉടമ്പടി ഉദ്ധരിച്ചുകൊണ്ടായിരുന്നു ധാമിയുടെ പ്രസ്താവന.
ഈ ഉടമ്പടിയില്‍ ഗംഗയുടെ ഒഴുക്ക് സംരക്ഷിക്കാന്‍ നഗരത്തിന്റെ ആത്മീയ പവിത്രത ഉറപ്പുവരുത്തണമെന്നും ഘട്ടുകളിലേക്കുള്ള അഹിന്ദുക്കളുടെ പ്രവേശനം നിയന്ത്രിക്കണമെന്നും വ്യവസ്ഥകളായി ഉള്‍പ്പെടുത്തിയിരുന്നു.
ഹര്‍ കി പൗരിയിലെ ശ്രീ ഗംഗാ സഭയുടെ പ്രസിഡന്റ് പണ്ഡിറ്റ് നിതിന്‍ ഗൗതമാണ് അഹിന്ദുക്കളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള മുനിസിപ്പല്‍ നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ രംഗത്തെത്തിയത്.
അഹിന്ദുക്കളുടെ പ്രവേശനം ഹിന്ദു സമൂഹത്തിന് നഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളുവെന്നാണ് നിതിന്‍ ഗൗതമിന്റെ വാദം.
ഗൗതമിന്റെ ആവശ്യം പരിഗണിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് പുഷ്‌കര്‍ സിങ് ധാമി നല്‍കിയ മറുപടി. ഇതിനുപിന്നാലെയാണ് ഹരിദ്വാറില്‍ അഹിന്ദുക്കളെ നിയന്ത്രിക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉയരുന്നത്.
അതേസമയം ഹരിദ്വാറിനെയും ഋഷികേശിനെയും ‘സനാതന പുണ്യനഗരങ്ങള്‍’ ആയി പ്രഖ്യാപിക്കാനും ബി.ജെ.പി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Uttarakhand to impose restrictions on non-Hindus in Haridwar ahead of 2027 ‘Kumbh Mela’; report