യോഗിയെ നേരിടാന്‍ പ്രിയങ്ക ഗാന്ധി പഠിക്കുന്നത് ഭൂപേഷ് ഭാഗെലില്‍ നിന്ന്; പശുവും പ്രിയങ്കയുടെ ആയുധം
ആല്‍ബിന്‍ എം. യു

ന്യൂദല്‍ഹി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ സജീവമാണ്. ഇപ്പോള്‍ പൗരത്വ നിയമത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ സംസ്ഥാനത്ത് പ്രിയങ്ക മുന്‍നിരയില്‍ തന്നെയുണ്ട്. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചും യോഗി ആദിത്യനാഥിനെതിരെ തുടര്‍ച്ചയായ വിമര്‍ശനമുന്നയിച്ചും പ്രിയങ്ക സംസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം നേടി കഴിഞ്ഞു.

എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഇക്കാര്യങ്ങളില്‍ മാത്രമല്ലാതെ യോഗി ആദിത്യനാഥിനെ നേരിടാന്‍ പ്രത്യേക പദ്ധതികള്‍ തന്നെ പ്രിയങ്ക തയ്യാറാക്കുന്നുണ്ട്. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും നേരിടാന്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലില്‍ നിന്നും പഠിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. ദ പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2018ല്‍ ബി.ജെ.പിക്കെതിരെ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വിജയിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഡ്്. ബി.ജെ.പിയുടെ ആശയമണ്ഡലത്തെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ പഠിക്കുന്നതിന് വേണ്ടി ഛത്തീസ്ഗഡിലേക്ക് 132 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെയാണ് പ്രിയങ്ക അയച്ചത്. ഡിസംബര്‍ 16 മുതല്‍ 20വരെ അഞ്ച് ദിവസത്തെ പ്രത്യേക ക്യാമ്പില്‍ ഈ സംഘം പങ്കെടുത്തു. മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലാണ് ക്യാമ്പ് നയിച്ചത്.

ക്യാമ്പ് കഴിഞ്ഞു വന്ന ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംഘത്തിന്റെ അടുത്ത അജണ്ട സംസ്ഥാനത്ത് ഗോശാലകള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്ഥാനത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്നത്തെ മുന്നിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കമെന്ന നിലക്കാണ് ഗോശാലകള്‍ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.

ഭൂപേഷ് ഭാഗെല്‍ സര്‍ക്കാര്‍ ഛത്തീസ്ഗഡില്‍ നടപ്പിലാക്കുന്ന ഗോശാലകളുടെ രീതിയിലാണ് ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് ഗോശാലകള്‍ സ്ഥാപിക്കുക. ഈ ഗോശാലകളില്‍ സ്ത്രീകള്‍ക്കാണ് ഛത്തീസ്ഗഡില്‍ ജോലികള്‍ നല്‍കുന്നത്. അതേ തരത്തിലായിരിക്കും ഉത്തര്‍പ്രദേശിലും നടപ്പിലാക്കുക. ഇതിന് വേണ്ടി സംഭാവനകള്‍ പിരിക്കുവാന്‍ പ്രിയങ്ക ഗാന്ധി സമ്മതം മൂളിക്കഴിഞ്ഞു.

എന്ത് കൊണ്ട് ഛത്തീസ്ഗഡില്‍ നിന്ന് പഠിക്കുവാന്‍ പ്രിയങ്ക ഗാന്ധി തീരുമാനിച്ചുവെന്നതിനുള്ള കാരണങ്ങള്‍ ഇതാണ്. നീണ്ട 15 വര്‍ഷത്തോളം അധികാരമില്ലാതെ ഇരുന്ന അവസ്ഥയില്‍ നിന്നാണ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് മടങ്ങി വന്നത്. ഭൂപേഷ് ഭാഗെലിന്റെ നേതൃമികവായിരുന്നു അതിന് കാരണം.

ബി.ജെ.പിയേക്കാള്‍ ആര്‍.എസ്.എസിനെതിരെയാണ് ഭൂപേഷ് ഭാഗെല്‍ കൂടുതല്‍ സംസാരിച്ചത്. അതേ സമയം തന്നെ ഹിന്ദു സമുദായവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും ആരാധനകളില്‍ പങ്കെടുക്കുന്നതിലും ഭൂപേഷ് ഭാഗെല്‍ മുടക്കം വരുത്തിയില്ല.

ബി.ജെ.പിയെയല്ല ആര്‍.എസ്.എസിനെയാണ് ആക്രമിക്കേണ്ടതെന്ന ചത്തീസ്ഗഡ് പാഠം തങ്ങള്‍ സ്വീകരിച്ചുവെന്ന് ക്യാമ്പില്‍ പങ്കെടുത്ത ഒരു നേതാവ് പറഞ്ഞു. ആര്‍.എസ്.എസിനും മോഹന്‍ ഭാഗവതിനെ പോലുള്ളവര്‍ക്കും രാജ്യത്തെ വിഭജിക്കുകയാണ് ആവശ്യം. ബി.ജെ.പിക്ക് സ്വന്തമായ പ്രത്യയശാസ്ത്രം ഇല്ല. അവരുടെ എല്ലാ ആശയങ്ങളും വരുന്നത് ആര്‍.എസ്.എസില്‍ നിന്നാണെന്നും ആ നേതാവ് പറഞ്ഞു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്കെതിരെ എതിര്‍പദ്ധതിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് ആലോചിക്കുണ്ടെന്ന് നേതാക്കള്‍ പറയുന്നു. സത്യത്തോടൊപ്പം തെളിവുകളും ഉള്‍പ്പെടുത്തി അവരെ ചെറുക്കാനാണ് തീരുമാനമെന്നും അവര്‍ പറയുന്നു.

2022ലെ നിയമസഭ തെരഞ്ഞെടുപ്പാണ് പ്രിയങ്ക ഗാന്ധിയുടെ ലക്ഷ്യം. അതിനെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക നടത്തുന്നത്. അത് വിജയിക്കുമോ പരാജയപ്പെടുമോ എന്ന് കണ്ടറിയുക തന്നെ വേണം.

ആല്‍ബിന്‍ എം. യു
സൗത്ത്‌ലൈവ് , തല്‍സമയം, ന്യൂസ്‌റെപ്റ്റ് എന്നിവിടങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. തൃശ്ശൂര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. കേരള പ്രസ്അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.