ഹിന്ദി അറിയില്ലെന്ന് കരുതിയോ വിരാട് ഭായ്! വിരാടിന്റെയും അശ്വിന്റെയും പ്ലാന്‍ ചോര്‍ത്തി ഖവാജ; കാര്യം പിടികിട്ടിയപ്പോളുള്ള എപിക് റിയാക്ഷന്‍ നോക്കണേ; വീഡിയോ
Sports News
ഹിന്ദി അറിയില്ലെന്ന് കരുതിയോ വിരാട് ഭായ്! വിരാടിന്റെയും അശ്വിന്റെയും പ്ലാന്‍ ചോര്‍ത്തി ഖവാജ; കാര്യം പിടികിട്ടിയപ്പോളുള്ള എപിക് റിയാക്ഷന്‍ നോക്കണേ; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th February 2023, 9:44 am

 

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്റ്റാര്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജയുടെയും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ ഓസീസ് 269 റണ്‍സ് നേടിയിരുന്നു. ഖവാജ 125 പന്തില്‍ നിന്നും 12 ഫോറും ഒരു സിക്‌സറുമടക്കം 81 റണ്‍സ് നേടിയപ്പോള്‍ 124 പന്തില്‍ നിന്നും 72 റണ്‍സ് നേടി ഹാന്‍ഡ്‌സ്‌കോംബ് പുറത്താകാതെ നിന്നു.

ഓസീസ് ഇന്നിങ്‌സിലെ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാവുന്നത്. വിരാടിന്റെയും അശ്വിന്റെയും തന്ത്രങ്ങള്‍ ഉസ്മാന്‍ ഖവാജക്ക് മനസിലായതും അബദ്ധം പറ്റിയത് മനസിലാക്കിയ വിരാട് കോഹ്‌ലി പൊട്ടിച്ചിരിക്കുന്നതുമാണത്.

മത്സരത്തിന്റെ 29ാം ഓവറിലായിരുന്നു സംഭവം. സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള ഉസ്മാന്‍ ഖവാജയെ കുറിച്ച് വിരാട് അശ്വിന് ഹിന്ദിയില്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഹിന്ദി അറിയാവുന്ന ഉസ്മാന്‍ ഖവാജക്ക് വിരാട് പറഞ്ഞത്രയും മനസിലാവുകയും ചെയ്തു. സംഭവമറിഞ്ഞ വിരാടും സഹ താരങ്ങളും പൊട്ടിച്ചിരിക്കുകയായിരുന്നു.

ഒടുവില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ കെ.എല്‍. രാഹുല്‍ ക്യാച്ചെടുത്താണ് ഖവാജയെ പുറത്താക്കിയത്. രാഹുലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായിരുന്നു അത്.

ഖവാജ അടിത്തറയിട്ട ഇന്നിങ്‌സാണ് പിന്നാലെ വന്ന ബാറ്റര്‍മാര്‍ കെട്ടിപ്പൊക്കിയത്. വാര്‍ണറിനൊപ്പം 50 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയ ഖവാജ അശ്വിന്‍-ഷമി-ജഡേജ സ്റ്റോമിലും അധികമൊന്നും ആടിയുലയാതെ നിലകൊണ്ടു.

ഖവാജക്ക് പുറമെ പീറ്റര്‍ ഹാന്‍ഡ്‌കോംബാണ് റണ്ണുയര്‍ത്തിയത്. പുറത്താവാതെ 72 റണ്‍സാണ് താരം നേടിയത്. 59 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഇന്നിങ്‌സിലേക്ക് തന്റെ സംഭാവന നല്‍കി.

രണ്ടാം ദിവസം കളിയാരംഭിക്കുമ്പോള്‍ ഇന്ത്യ 242 റണ്‍സിന് പുറകിലാണ്. നിലവില്‍ ഒമ്പത് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 റണ്‍സാണ് ഇന്ത്യക്കുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെ.എല്‍. രാഹുലുമാണ് ഇന്ത്യക്കായി ക്രീസില്‍.

 

 

Content highlight: Usman Khawaja understands Virat Kohli’s instructions to Ashwin in Hindi