എഡിറ്റര്‍
എഡിറ്റര്‍
US politics
ട്രംപിന് ഒബാമയുടെ ലൈബ്രറിയിലെ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ പോലും യോഗ്യതയില്ല; വനിതാ സെനറ്റര്‍ക്കെതിരായ ട്രംപിന്റെ ട്വീറ്റിനെ വിമര്‍ശിച്ച് ‘യു.എസ്.എ ടുഡെ’ എഡിറ്റോറിയല്‍
എഡിറ്റര്‍
Thursday 14th December 2017 9:23am

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി പ്രമുഖ അമേരിക്കന്‍ പത്രമായ ‘യു.എസ്.എ ടുഡെ’. ഒബാമയുടെ ലൈബ്രറിയിലെ ടോയ്‌ലറ്റ് വൃത്തിയാക്കാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ പോലും യോഗ്യതയില്ലാത്തയാളാണ് ട്രംപെന്നാണ് പത്രം എഡിറ്റോറിയലിലൂടെ പ്രസിഡന്റിനെ വിശേഷിപ്പിച്ചത്.

വനിതാ സെനറ്ററും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരിയുമായ കേഴ്സ്റ്റന്‍ ഗില്ലി ബ്രാന്‍ഡിനെതിരെ അസഭ്യമായ ഭാഷയില്‍ ട്വീറ്റ് ചെയ്തതിനെ വിമര്‍ശിച്ചാണ് എഡിറ്റോറിയല്‍. ഗില്ലിബ്രാന്‍ഡ് ക്യാംപെയ്ന്‍ ഫണ്ടിന് വേണ്ടി തന്റെയടുക്കല്‍ യാചിച്ചിട്ടുണ്ടെന്നും സംഭാവന കിട്ടാന്‍ അവരെന്തും ചെയ്യുമെന്നുമായിരുന്നു ട്രംപ് വനിതാ സെനറ്ററെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നത്.

സെനറ്റര്‍ക്കെതിരായ റിപ്പോര്‍ട്ടിലൂടെ പ്രസിഡന്റ് പദവിയിലിരിക്കാന്‍ യോഗ്യതയില്ലാത്തയാളാണെന്ന് ട്രംപ് തെളിയിച്ചിരിക്കുകയാണെന്ന് എഡിറ്റോറിയല്‍ പറയുന്നു.

കേഴ്സ്റ്റന്‍ ഗില്ലിബ്രാന്‍ഡ്

ട്രംപിനോടുള്ളത് നയപരമായ പ്രശ്‌നങ്ങളോ വാഗ്ദാനം പാലിക്കാത്തതിന്റെ പ്രശ്‌നങ്ങളോ അല്ല. ഒബാമയും ബുഷും പല നിലയ്ക്കും വാക്കുപാലിക്കാതിരിക്കുകയും കള്ളംപറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ സഭ്യതവിട്ട് ഇരുവരും പെരുമാറിയിട്ടില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു.

അമേരിക്കയില്‍ ഏറ്റവും സ്വീകാര്യതയുള്ള പത്രങ്ങളിലൊന്നാണ് യു.എസ്.എ ടുഡേ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എക്കാലത്തും നിഷ്പക്ഷ നിലപാട് എടുക്കാറുള്ള ‘യു.എസ്.എ ടുഡെ’ 2016 തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപ് പ്രസിഡന്റാവാന്‍ യോഗ്യനല്ലെന്ന് എഴുതിയിരുന്നു. 34 വര്‍ഷത്തെ പത്രത്തിന്റെ ചരിത്രത്തില്‍ ഹിലരിക്ലിന്റണ്‍ അനുഭാവത്തിന്റെ പേരിലല്ല ട്രംപ് വിരുദ്ധതയുടെ പേരിലായിരുന്നു പത്രം നിലപാട് സ്വീകരിച്ചിരുന്നത്.

Advertisement