വാഷിങ്ടൺ: ലോകാരോഗ്യ സംഘടനയിൽ (ഡബ്ല്യൂ.ഏച്ച്.ഒ) നിന്നും അമേരിക്ക പിന്മാറിയതായി അറിയിച്ച് യു.എസ് ആരോഗ്യ വകുപ്പ് സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയറും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും.
2020ൽ തന്റെ ആദ്യ ഭരണകാലത്ത് സംഘടനയിൽനിന്നും പിന്മാറാൻ ആഗ്രഹിക്കുന്നതായി ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
2025ൽ പ്രസിഡന്റായി ചുമതലയേറ്റ ആദ്യ ദിവസംതന്നെ ട്രംപ് ഡബ്ല്യൂ.ഏച്ച്.ഓയിൽ നിന്നും പിന്മാറാനുള്ള തീരുമാനമെടുത്തിരുന്നു. കൊവിഡ് മഹാമാരി പ്രതിരോധിക്കുന്നതിൽ ഡബ്ല്യൂ.ഏച്ച്.ഒ യുടെ പരാജയമാണ് പിന്മാറാൻ കാരണമെന്നാണ് വിശദീകരണം.
ഡബ്ല്യൂ.ഏച്ച്.ഒ 1945 ൽ രൂപീകരിച്ചതിനുശേഷം ആദ്യമായാണ് അമേരിക്ക സംഘടനയിൽ നിന്നും പിൻവാങ്ങുന്നത്.
‘എല്ലാ രാജ്യങ്ങളെയും പോലെ അമേരിക്കയും ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്’ ഐക്യരാഷ്ട്ര സഭയുടെ വക്താവ് സ്റ്റീഫൻ ഡുജാറിക് മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കയുടെ പിൻവാങ്ങൽ ഡബ്ല്യൂ.ഏച്ച്.ഒ യുടെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇത് പരിഹരിക്കുന്നതിനുവേണ്ടി സംഘടനയിൽ പിരിച്ചുവിടൽ നടത്തിയതായും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഈ മാസം ആദ്യം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ലോകാരോഗ്യ സംഘടനയുടെ മൊത്തം ഫണ്ടിന്റെ 18 ശതമാനവും നൽകിയിരുന്നത് അമേരിക്കയായിരുന്നു. അതുകൊണ്ടുതന്നെ ഈ പിൻവാങ്ങൽ ചെറുതല്ലാത്ത പ്രഹരം സംഘടനയിൽ ഉണ്ടാക്കും.
അതേസമയം 2024, 2025 വർഷങ്ങളിലെ കുടിശിക കൊടുത്തുതീർക്കാതെയാണ് അമേരിക്കയുടെ പിൻവാങ്ങൽ എന്നത് വലിയ ചർച്ചയായിരിക്കുകയാണ്. 260 മില്യൺ ഡോളർ തുകയാണ് അമേരിക്ക നൽകാനുള്ളത്. കുടിശിക തീർക്കാതെയുള്ള പിന്മാറൽ യു.എസ് നിയമത്തിന്റെ ലംഘനമാണെന്നുള്ള ചർച്ചകളും ഉയരുന്നുണ്ട്.
Content Highlight: US withdraw from World Health Organization