| Thursday, 18th December 2025, 3:53 pm

തമിഴ്‌നാടിന്റെ കയറ്റുമതി കുത്തനെക്കുറച്ച് യു.എസ് താരീഫ് ഉയര്‍ത്തല്‍ നടപടി; പ്രധാനമന്ത്രിക്ക് കത്തയച്ച് എം.കെ സ്റ്റാലിന്‍

നിഷാന. വി.വി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് മേല്‍ 50 % തീരുവ ഉയര്‍ത്തിയ യു.എസിന്റെ പ്രതികാര നടപടി ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.

ഇന്ത്യയുടെ ടെക്‌സ്റ്റെയില്‍ നഗരമായ തിരുപ്പൂരില്‍ 1500 കോടിയുടെ നഷ്ടം സംഭവിച്ചതായും ഉത്പാദനത്തില്‍ 30 ശതമാനം വരെ കുറവ് വന്നെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു.

‘ പുതിയ ഓര്‍ഡറുകള്‍ ആശങ്കാ ജനകമായ രീതിയില്‍ കുറഞ്ഞ് വരികയാണ്. തിരുപ്പൂര്‍, കരൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയ ജില്ലകളില്‍ കയറ്റുമതിയില്‍ ദിനംപ്രതി 60 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ട്. ഇത് ചെറുകിട, ഇടത്തരം സംരംഭങ്ങളെ തകര്‍ച്ചയിലേക്കെത്തിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ ഏറിയ പങ്കും തമിഴ്‌നാടിന്റെതാണ്. ഏകദേശം 75 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതും തമിഴ്‌നാടാണ്. കൂടാതെ തുകല്‍, പാദരക്ഷ കയറ്റുമതിയില്‍ 40 ശതമാനം വിഹിതവും തമിഴ്‌നാടിന്റെതാണ്. ഇത് പത്ത് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താരിഫ് വര്‍ദ്ധന ഇൗ മേഖലയെയെല്ലാം വന്‍ നഷ്ടത്തിലേക്ക് തളളിവിട്ടെന്നും ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം മുന്‍ഗണനാക്രമത്തില്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

റഷ്യയുമായി എണ്ണ വ്യാപാരം നടത്തുവെന്നാരോപിച്ച് പ്രതികാര നടപടിയെന്നോണം യു.എസ് ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് മേല്‍ 50% തീരുവ ഉയര്‍ത്തിയിരുന്നു.

Content Highlight : US tariff hike will sharply reduce Tamil Nadu’s exports; MK Stalin writes to Prime Minister

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more