പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് കനത്ത പ്രഹരം; 16 സൈനിക താവളങ്ങൾ തകർത്തെന്ന് റിപ്പോർട്ട്
Trending
പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് കനത്ത പ്രഹരം; 16 സൈനിക താവളങ്ങൾ തകർത്തെന്ന് റിപ്പോർട്ട്
മുഹമ്മദ് നബീല്‍
Sunday, 3rd May 2026, 1:32 pm

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങളിൽ ഇറാനും സഖ്യകക്ഷികളും എട്ട് രാജ്യങ്ങളിലായി ചുരുങ്ങിയത് 16 യു.എസ് സൈനിക താവളങ്ങളെങ്കിലും തകർത്തതായി സി.എൻ.എൻ റിപ്പോർട്ട് .

ആക്രമണങ്ങളിൽ ചില താവളങ്ങൾ പൂർണമായും ഉപയോഗശൂന്യമായ നിലയിലാണെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഡസൻ കണക്കിന് ഉപഗ്രഹ ചിത്രങ്ങളെയും അമേരിക്കയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പശ്ചിമേഷ്യയിലുള്ള അമേരിക്കയുടെ സൈനിക താവളങ്ങളിൽ ഏറെക്കുറെ മുഴുവനായി തകർത്തെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

‘സൈനിക കേന്ദ്രങ്ങൾ പൂർണമായും തകർക്കപ്പെട്ടെന്നും അവ അടച്ചുപൂട്ടേണ്ടി വരുമെന്നുമുള്ള നിരീക്ഷണങ്ങൾ ഒരുവശത്തുണ്ട്. എന്നാൽ ഈ താവളങ്ങൾ അമേരിക്കയ്ക്ക് നൽകുന്ന തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഇവ അറ്റകുറ്റപ്പണി നടത്തി നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നാണ് മറ്റ് ചില നേതാക്കളുടെ അഭിപ്രായം,’ പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയുടെ റഡാർ സംവിധാനങ്ങളെയാണ് ഇറാൻ പ്രധാനമായി ലക്ഷ്യം വെച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണെന്നും. റഡാർ ആക്രമിക്കുന്നതാണ് തങ്ങൾക്ക് ഏറ്റവും ലാഭകരമെന്ന് ഇറാൻ തിരിച്ചറിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഏറ്റവും ചിലവേറിയതെന്നും എന്നാൽ വളരെ കുറച്ച് എണ്ണം മാത്രമുള്ള ഒന്നാണ് റഡാർ സംവിധാനങ്ങൾ.

പെന്റഗൺ പ്രതിനിധി ജൂൾസ് ഹർസ്റ്റ് പറഞ്ഞത് ഇറാനുമായുള്ള യുദ്ധം ഇതുവരെ അമേരിക്കയ്ക്ക് ഏകദേശം 25 ബില്യൺ ഡോളർ ചെലവുണ്ടാക്കി എന്നാണ്. എന്നാൽ യഥാർത്ഥ കണക്ക് 40 മുതൽ 50 ബില്യൺ ഡോളറിന് അടുത്താകാൻ സാധ്യതയുണ്ടെന്ന് മുതിർന്ന ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

യുദ്ധം തത്കാലത്തേക്ക് ശമിച്ചിട്ടുണ്ടെങ്കിലും താൻ ആഗ്രഹിക്കുന്ന തരത്തിലൊരു ഉടമ്പടിക്ക് ഇറാൻ തയ്യാറാകുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Content Highlight: US suffers major blow in Middle East; Report says 16 military bases destroyed

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം