വാഷിങ്ടൺ: ക്രിസ്ത്യാനികളെ ക്രൂരമായി കൊല്ലുന്നുവെന്നാരോപിച്ച് വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ ആക്രമണം നടത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ തന്റെ നിർദേശ പ്രകാരമാണ് ആക്രമണം നടന്നതെന്നും അവർ നൂറ്റാണ്ടുകളായി നിരപരാധികളായ ക്രിസ്ത്യാനികളെ ലക്ഷ്യം വെക്കുകയും ക്രൂരമായി കൊല്ലുകയും ചെയ്യുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നരകയാതന അനുഭവിക്കേണ്ടി വരുമെന്ന് താൻ മുമ്പും ഈ തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ക്രിസ്ത്യാനികൾക്കെതിരായ അക്രമം തടയാൻ നൈജീരിയ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സൈനിക നടപടിയെടുക്കുമെന്ന് ട്രംപ് ആവർത്തിച്ചു.
ഇസ്‌ലാമിക ഭീകരത വളരാൻ തന്റെ നേതൃത്വത്തിലുള്ള അമേരിക്ക അനുവദിക്കില്ലെന്നും ക്രിസ്ത്യാനികൾക്കെതിരായ കൂട്ടക്കൊല തുടരാൻ അനുവദിച്ചാൽ ഇനിയും നിരവധി ഭീകരർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘തീവ്ര ഇസ്‌ലാമിക ഭീകരത വളരാൻ തന്റെ നേതൃത്വത്തിലുള്ള അമേരിക്ക അനുവദിക്കില്ല. കൊല്ലപ്പെട്ട തീവ്രവാദികൾ ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരട്ടെ. നമ്മുടെ സൈന്യത്തെ ദൈവം അനുഗ്രഹിക്കട്ടെ. ക്രിസ്ത്യാനികൾക്കെതിരായ കൂട്ടക്കൊല തുടർന്നാൽ ഇനിയും നിരവധി ഭീകരർ ഉണ്ടാകും,’ ട്രംപ് പറഞ്ഞു.
നൈജീരിയൻ അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് ആക്രമണം നടത്തിയതെന്നും നിരവധി ഇസ്‌ലാമിക് തീവ്രവാദികളെ കൊലപ്പെടുത്തിയെന്നും യു.എസ് സൈന്യത്തിന്റെ ആഫ്രിക്കൻ കമാൻഡർ എക്സിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നൈജീരിയയിൽ ക്രിസ്ത്യാനികൾ ഭീഷണി നേരിടുന്നുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെ സാധ്യമായ നടപടികൾക്ക് തയ്യാറെടുക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
മതപരമായ ആക്രമണങ്ങൾ കാരണം ആഫ്രിക്കൻ രാഷ്ട്രത്തെ പ്രത്യേക ആശങ്കയുള്ള രാജ്യമായി (സി.പി.സി) ട്രംപ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: US strikes against Islamic State terrorists in Nigeria