വെനസ്വേലൻ തീരത്തുനിന്നും രണ്ടാമത്തെ എണ്ണക്കപ്പലും പിടിച്ചെടുത്ത് യു.എസ്
Venezuela
വെനസ്വേലൻ തീരത്തുനിന്നും രണ്ടാമത്തെ എണ്ണക്കപ്പലും പിടിച്ചെടുത്ത് യു.എസ്
ശ്രീലക്ഷ്മി എ.വി.
Sunday, 21st December 2025, 8:11 am

കാരക്കാസ്: വെനസ്വേലൻ തീരത്തുനിന്നും രണ്ടാമത്തെ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യു.എസ്. രണ്ടാമത്തെ എണ്ണക്കപ്പലിന്റെ മോഷണത്തെ സംബന്ധിച്ച് യു.എസിനെ കുറ്റപ്പെടുത്തി ഐക്യരാഷ്ട്ര സഭയിൽ പരാതി നൽകുമെന്ന് വെനസ്വേല അറിയിച്ചു.

വെനസ്വേലയുടെ എണ്ണയ്‌ക്കെതിരായ അമേരിക്കൻ ഉപരോധത്തിനിടയിലാണ് വീണ്ടും എണ്ണക്കപ്പൽ പിടിച്ചെടുക്കുന്നത്. യു.എസിന്റെ നടപടി മോഷണവും തട്ടിക്കൊണ്ടുപോകലുമാണെന്ന് വെനിസ്വേല ആരോപിച്ചു.

‘ഈ പ്രവൃത്തികൾ ശിക്ഷക്കപ്പെടാതെ പോകില്ല. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലിനും മറ്റു ബഹുരാഷ്ട്ര ഏജൻസികൾക്കും ലോക സർക്കാരുകൾക്കും പരാതി നൽകുന്നതുൾപ്പെടെയുള്ള എല്ലാ അനുബന്ധ നടപടികളും വെനസ്വേല സ്വീകരിക്കും,’ വെനസ്വേലൻ സർക്കാർ പറഞ്ഞു.

പെന്റഗണിന്റെ പിന്തുണയോടെ യു.എസ് കോസ്റ്റ്ഗാർഡ് കപ്പൽ പിടികൂടിയതായി സ്ഥിരീകരിച്ച് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സിലൂടെ അറിയിച്ചു.

മേഖലയിലെ മയക്കുമരുന്ന് ഭീകരതയ്ക്ക് ധനസഹായം നൽകാൻ ഉപയോഗിക്കുന്ന എണ്ണയുടെ അനധികൃത നീക്കത്തിനെതിരെ അമേരിക്ക തുടർന്നും നടപടിയെടുക്കുമെന്നും അവർ പറഞ്ഞു.

‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും. തടയുകയും ചെയ്യും. മേഖലയിലെ മയക്കുമരുന്ന് ഭീകരതയ്ക്ക് ധനസഹായം നൽകാൻ ഉപയോഗിക്കുന്ന എണ്ണയുടെ അനധികൃത നീക്കത്തിനെതിരെ അമേരിക്ക തുടർന്നും നടപടിയെടുക്കും,’ ക്രിസ്റ്റി നോം പറഞ്ഞു.

പനാമ പതാക വഹിച്ച സെഞ്ച്വറീസ് എന്ന കപ്പലാണിതെന്നും കരീബിയൻ കടലിൽ ബാർബഡോസിന് സമീപത്തുവെച്ചാണ് തടഞ്ഞതെന്നും ബ്രീട്ടീഷ് സമുദ്ര അപകട നിയന്ത്രണ കമ്പനിയായ വാൻഗാർഡ് റോയിട്ടേഴ്സിനോട് പറഞ്ഞു.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് സമ്മദം ശക്തമാക്കുന്നത് തുടരുകയാണ്. നേരത്തെ വെനസ്വേലയിൽ നിന്നും പുറത്തുപോകുന്നതും വെനസ്വേലയിലേക്ക് പ്രവേശിക്കുന്നതുമായ എല്ലാ എണ്ണക്കപ്പലുകൾക്കും സമ്പൂർണ ഉപരോധത്തിന് ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു.

വെനസ്വേലൻ എണ്ണകപ്പലുകൾക്ക് സമ്പൂർണ ഉപരോധം ഏർപ്പെടുത്താനുള്ള യു.എസ് തീരുമാനത്തെ തുടർന്നുള്ള സംഘർഷങ്ങൾക്കിടയിൽ സംയമനം പാലിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു.

ഏതൊരു അഭിപ്രായ വ്യത്യാസവും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു .

വെനസ്വേലൻ എണ്ണ കപ്പലുകൾക്ക് സമ്പൂർണ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം നാവിക കടൽക്കൊള്ളയുടെ യുഗത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് വെനസ്വേല പ്രതികരിച്ചിരുന്നു.

വെനസ്വേലയുടെ എണ്ണ, ഭൂമി, ധാതു സമ്പത്ത് എന്നിവ യു.എസിന്റെ സ്വത്താണെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരുതിയിരിക്കുന്നതെന്നും വെനസ്വേല വിമർശിച്ചു.

Content Highlight: US seizes second oil tanker off Venezuelan coast

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.