ഏപ്രില്‍ രണ്ടിന് മൂന്നാമതൊരു രാജ്യം വഴി അമേരിക്ക വെടിനിര്‍ത്തലിന് നിര്‍ദേശിച്ചു; ഇറാനിയന്‍ മാധ്യമങ്ങള്‍
World
ഏപ്രില്‍ രണ്ടിന് മൂന്നാമതൊരു രാജ്യം വഴി അമേരിക്ക വെടിനിര്‍ത്തലിന് നിര്‍ദേശിച്ചു; ഇറാനിയന്‍ മാധ്യമങ്ങള്‍
നിഷാന. വി.വി
Saturday, 4th April 2026, 3:15 pm

ടെഹ്‌റാന്‍: ഏപ്രില്‍ രണ്ടിന് മൂന്നാമതൊരു രാജ്യം വഴി 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍.

ഇറാനിലെ അര്‍ദ്ധ ഔദ്യോഗിക ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ഏപ്രില്‍ രണ്ടിന് യു.എസ് സൗഹൃദ രാജ്യങ്ങളിലൊന്നിലൂടെ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിര്‍ദേശിച്ചു. മേഖലയില്‍ യു.എസ് സേന നേരിടുന്ന സംഘര്‍ഷങ്ങളും വെല്ലുവിളികളും നേരിടുന്ന സാഹചര്യത്തിലാണിത്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇറാന്‍ നിര്‍ദേശത്തിന് ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘കുവൈത്തിലെ ബുബിയാന്‍ ദ്വീപിലുളള ഒരു യു.എസ് സൈനിക ഡിപ്പോയില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പോരാട്ടം അവസാനിപ്പിക്കാനുള്ള യു.എസ് നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെയും ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യ തവണ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതായും പിന്നീടത് അഞ്ച് ദിവസത്തേക്കും പത്ത് ദിവസത്തേക്കും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ട്രംപിന്റെ തന്ത്രമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം.

ഇറാനും വാഷിങ്ടണും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല,’ ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. ട്രംപിന്റെത് ഇന്ധന വിലകള്‍ കുറയ്ക്കാനുള്ള തന്ത്രമാണെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത് ഭയന്നുള്ള പിന്മാറ്റമാണെന്ന് ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റായ ഐ.ആര്‍.ഐ.ബി പ്രസ്താവനയിലൂടെ പ്രതികരിച്ചു. ഇറാന്റെ പ്രത്യാക്രമണം ഭയന്ന് ട്രംപ് ആക്രമണത്തില്‍ നിന്നും ഹോര്‍മുസ് തുറക്കാനുള്ള 48 മണിക്കൂര്‍ അന്ത്യശാസനത്തില്‍ നിന്നും പിന്മാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു,

നേരത്തെ, ഇറാനുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നുവെന്നും ഇറാനിലെ ഇന്ധന കേന്ദ്രങ്ങളിലേക്ക് അഞ്ച് ദിവസത്തേക്ക് ആക്രണമുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു. ശാശ്വതമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.

Content Highlight: US proposes ceasefire via third country on April 2nd: Iranian media

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.