വാഷിങ്ടണ്‍: ഗസ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസ് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്രൂത്ത് സോഷ്യല്‍ എന്ന പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ഹമാസ് കരാറിലെത്തണമെന്നും ഈ അവസാനത്തെ അവസരത്തില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വിധം ഹമാസിനെതിരായ ആക്രമണമുണ്ടാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
കൂടാതെ എല്ലാ ഫലസ്തീനികളും ഗസയിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും മരണ സാധ്യത കൂടുതലായതിനാല്‍ സ്ഥലത്ത് നിന്ന് പിന്‍മാറണമെന്നും ട്രംപ് പറഞ്ഞു. ഹമാസിന്റെ മിക്ക പോരാളികളെയും വളഞ്ഞിരിക്കുകയാണെന്നും ഒരു ഉത്തരവിനായാണ് സൈനികര്‍ കാത്തിരിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അവരെ വേട്ടയാടുകയും കൊല്ലുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗസയില്‍ സുരക്ഷിതമായ ഒരു സ്ഥലം പോലുമില്ലെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല തെക്കന്‍ ഗസ മരണ പ്രദേശങ്ങളാണെന്നും ഇസ്രഈലിന്റെ ആക്രമണ മേഖലയാണന്നും യു.എന്‍ പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ 29നാണ് ട്രംപ് ഭരണകൂടം ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പദ്ധതി പുറത്തിറക്കിയത്. ഗസയെ ആയുധരഹിത മേഖലയാക്കി മാറ്റുകയാണ് പദ്ധതി മുന്നോട്ട് വെക്കുന്ന പ്രധാനലക്ഷ്യം. ഗസയിലെ യുദ്ധം അവസാനിപ്പിക്കുക, ഫലസ്തീന്റെ പ്രതിരോധ സംഘടനകളെ നിരായുധീകരിക്കുക, ഗസയില്‍ നിന്നും ഇസ്രഈല്‍ പതിയെ പിന്മാറുക, ബന്ദികളെ 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍.
അതേസമയം ഗസയില്‍ ഇസ്രഈല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ ഇതുവരെ 66225ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും കണക്കുകള്‍ പറയുന്നു. മാത്രമല്ല ഗസയില്‍ മാനുഷിക സഹായം എത്തിക്കാന്‍ ശ്രമിക്കുന്ന സുമുദ് ഫ്‌ളോട്ടില്ലയിലെ പ്രവര്‍ത്തരെ ഇസ്രഈല്‍ സൈന്യ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രതിഷേധവും നടക്കുകയാണ്.
Content Highlight: US President Donald Trump warns Hamas will face “major consequences” if Gaza peace deal is not accepted