| Thursday, 28th May 2026, 9:09 am

'സൈന്യത്തെയിറക്കും, തകര്‍ത്തുകളയും'; ഹോര്‍മുസ് വിഷയത്തില്‍ ഒമാന് ഭീഷണിയുമായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് വിഷയവുമായി ബന്ധപ്പെട്ട് ഒമാനെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് നിയന്ത്രണത്തിനായി ഇറാനുമായി സഹകരിക്കുകയാണെങ്കില്‍ ഒമാനെതിരെ സൈന്യത്തെ ഇറക്കേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത നിയന്ത്രണം സംബന്ധിച്ച് ഇറാനും ഒമാനും ചര്‍ച്ച നടത്തിയാതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹോര്‍മുസില്‍ ഒമാന്‍-ഇറാന്‍ സംയുക്ത നിയന്ത്രണത്തെ അംഗീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ട്രംപിന്റെ ഭീഷണി.

ഒമാനും ഇറാനും ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്ന തരത്തിലുള്ള ഒരു താല്‍ക്കാലിക കരാറിനെ അംഗീകരിക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ചോദ്യം. കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു ട്രംപ്.

ആരും ഹോര്‍മുസ് നിയന്ത്രിക്കാന്‍ പോകുന്നില്ലെന്നും അത് അന്താരാഷ്ട്ര സമുദ്ര മേഖലയാണെന്നും ട്രംപ് ചോദ്യത്തിന് മറുപടി നല്‍കി. ഒമാന്‍ മറ്റുള്ളവരെപ്പോലെ പെരുമാറിയാല്‍ അവരെ തകര്‍ത്തു കളയുമെന്ന് ട്രംപ് ഭീഷണിയുടെ സ്വരത്തില്‍ അഭിപ്രായപ്പെടുകയും ചെയ്തു.

ഹോര്‍മുസ് വിഷയം നിരീക്ഷിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ പ്രതികരണം യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ഹോര്‍മുസില്‍ തങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഒമാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളില്‍ നിന്ന് പണം പിരിക്കുന്നത് സംബന്ധിച്ച് പങ്കാളിത്തത്തിനായി ഒമാനോട് ഇറാന്‍ ചര്‍ച്ച നടത്തുന്നതായി അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്‍ ഔദ്യോഗിക ടി.വി ചാനലിന്റെ കഴിഞ്ഞ ദിവസത്തെ ഒരു റിപ്പോര്‍ട്ടിലും ഇറാന്‍-ഒമാന്‍ കരാര്‍ സാധ്യതയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു.

ഹോര്‍മുസ് മാനേജ്‌മെന്റ് സൂപ്പര്‍വിഷന്‍ മേഖലയുടെ അതിരുകള്‍ നിര്‍വചിച്ചതായി ഇറാന്‍ അടുത്തിടെ രൂപീകരിച്ച പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി(പി.എസ്.ജി.എ) സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ഒമാനുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പി.എസ്.ജി.എ ഇക്കാര്യം അറിയിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഒമാന്‍ ഉള്‍ക്കടല്‍ ഹോര്‍മുസ് കടലിടുക്കിന് സമീപമാണെന്നും ഹോര്‍മുസ് കടന്ന് കിഴക്ക് ദിശയിലേക്കുള്ള കപ്പലുകള്‍ ഒമാന്‍ ഉള്‍ക്കടല്‍ വഴിയാണ് സഞ്ചരിക്കേണ്ടതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. കഴിഞ്ഞ വാരമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

സംഘര്‍ഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യു.എസുമായുള്ള ധാരണാപത്രത്തിന്റെ കരട് തങ്ങള്‍ക്ക് ലഭിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷനായ ഐ.ആര്‍.ഐ.ബി ടി.വി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ പുനസ്ഥാപിക്കുമെന്ന് ഇറാന്റെ ധാരണാപത്രത്തിലുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒമാനുമായി സഹകരിച്ച് കപ്പല്‍ ഗതാഗതം ഇറാന്‍ കൈകാര്യം ചെയ്യുമെന്നും കരട് ധാരണാപത്രത്തിലുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിലെ എണ്ണക്കപ്പല്‍ ഗതാഗതത്തില്‍ 20 ശതമാനവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. യു.എസ്-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് കടലിടുക്കിലുണ്ടായ തടസ്സങ്ങള്‍ കാരണം ആഗോള തലത്തില്‍ എണ്ണ പ്രതിസന്ധി തുടരുകയാണ്.

അതേസമയം, ഒമാനെതിരായ ട്രംപിന്റെ പുതിയ പരാമര്‍ശത്തില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. യു.എസ്. പ്രസിഡന്റ് ഒരു മാഫിയാ തലവനെപ്പോലെയാണ് പെരുമാറുന്നതെന്ന് യു.എസ് ആസ്ഥാനമായ അവകാശ പ്രസ്ഥാനം ഡോണിന്റെ അഡ്വക്കസി ഡയരക്ടര്‍ റഈദ് ജരാര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തെ ഉപയോഗിക്കും എന്ന് ഏതെങ്കിലും രാജ്യത്തെ ഭീഷണിപ്പെടുത്തുന്നതിനെ യു.എന്‍ ചട്ടങ്ങള്‍ പ്രകാരം നിരോധിച്ചിട്ടുണ്ടെന്നും ജരാറിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: US President Donald Trump statement about reported Iran Oman co-operation in hormuz

We use cookies to give you the best possible experience. Learn more